SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.16 AM IST

രാഷ്‌ട്രപതിയുടെ ചടങ്ങ് ബഹിഷ്‌കരിച്ച് മമത; വിവാദം

d

ന്യൂഡൽഹി: ബംഗാളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത 9-ാമത് അന്താരാഷ്ട്ര സന്താൾ സമ്മേളനത്തിൽ നിന്ന് മുഖ്യമന്ത്രി മമതാ ബാനർജി വിട്ടുനിന്നത് വിവാദമാക്കി ബി.ജെ.പി. താനും ബംഗാളിന്റെ മകളാണെന്നും മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ വിഷമമുണ്ടെന്നും രാഷ്‌ട്രപതി പ്രതികരിച്ചു. മമത രാഷ്‌ട്രപതിയെയും സന്താൾ സമുദായത്തെയും അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. വടക്കൻ ബംഗാളിലെ സിലിഗുരിക്കടുത്തുള്ള ഫാൻസിദേവയിൽ നടത്താനിരുന്ന പരിപാടി സുരക്ഷാ കാരണങ്ങളാൽ ബിധാൻനഗർ മാജ്ഹി താനിലെ ഉട്ടോറൻ ടൗൺഷിപ്പിന് സമീപത്തേക്ക് മാറ്റിയതാണ് മമത വിട്ടുനിൽക്കാൻ കാരണം. ഉട്ടോറൻ ടൗൺഷിപ്പ് തിരക്കേറിയ സ്ഥലമാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം രാഷ്‌ട്രപതി തള്ളി. എത്താൻ ബുദ്ധിമുട്ടമുണ്ടായില്ല. അഞ്ചുലക്ഷം ആളുകളെ കൊള്ളുന്ന സ്ഥലമാണിത്. ആദ്യം തീരുമാനിച്ച സ്ഥലത്ത് ദൂരക്കൂടുതൽ കാരണം സാന്താൾ ജനതയ്ക്ക് എത്താനാകില്ലായിരുന്നു. രാഷ്‌ട്രപതിയുടെ ചടങ്ങിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉണ്ടാകുന്നതാണ് പതിവ്. തന്നോടുള്ള ദേഷ്യം കാരണമാകാം മമത വരാത്തത്. ഞാനും ബംഗാളിന്റെ മകളാണ്. എനിക്ക് ബംഗാൾ സന്ദർശിക്കാൻ അനുവാദമില്ല. മമത എനിക്ക് അനുജത്തിയെ പോലെയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. പരിപാടിയുടെ വേദി നാലു തവണ മാറ്റിയെന്ന് ബംഗാൾ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ പറഞ്ഞു.

ബി.ജെ.പി രാഷ്ട്രപതിയെ ഉപയോഗിച്ച് രാഷ്‌ട്രീയം കളിക്കുകയാണെന്ന് മമത പ്രതികരിച്ചു. പതിവായി എത്തുന്ന അതിഥികളെ സ്വീകരിക്കാൻ സമയമില്ല. വർഷത്തിലൊരിക്കൽ വന്നാൽ, സ്വീകരിക്കും. പക്ഷേ,വർഷത്തിൽ 50 തവണ വന്നാൽ,എങ്ങനെ പറ്റും. മണിപ്പൂരിലെ ആദിവാസികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ രാഷ്‌ട്രപതി മിണ്ടിയില്ലെന്നും മമത ആരോപിച്ചു. എസ്.ഐ.ആർ വഴി ആദിവാസി വോട്ടർമാർ പുറത്തായതും അവർ ചൂണ്ടിക്കാട്ടി.

ആദിവാസി സമൂഹത്തിൽ നിന്നുള്ള രാഷ്ട്രപതി പ്രകടിപ്പിച്ച വേദന ഇന്ത്യക്കാരെ വിഷമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ എല്ലാ പരിധികളും ലംഘിച്ചു. രാഷ്ട്രപതിയെ അപമാനിച്ചതിന് അവരാണ് ഉത്തരവാദി. രാഷ്ട്രപതിയുടെ ഓഫീസ് രാഷ്ട്രീയത്തിന് അതീതമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360