SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.33 AM IST

കായിക ഭവനിൽ നിന്ന് ഒളിമ്പിക് അസോസിയേഷൻ ഔട്ട്

kerala-olympic-assosiatio

ഒളിമ്പ്യന്മാരെക്കൂട്ടി സമരത്തിന് കേരള ഒളിമ്പിക് അസോസിയേഷൻ

തിരുവനന്തപുരം : കരമടച്ച് സ്വന്തമാക്കിയിരുന്ന സ്ഥലം കായികഭവൻ നിർമ്മിക്കാൻ വിട്ടുകൊടുത്ത കേരള ഒളിമ്പിക് അസോസിയേഷന് നിർദ്ദിഷ്ടകെട്ടിടത്തിലെ ഒരു നില ഓഫീസ് സൗകര്യങ്ങൾക്ക് അനുവദിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറി സർക്കാർ. ഒളിമ്പ്യന്മാർ ഉൾപ്പടെയുള്ള കായിക താരങ്ങളെയും കായിക അസോസിയേഷൻ ഭാരവാഹികളെയും ഉൾപ്പെടുത്തി സർക്കാരിനെതിരെ സമരപ്രഖ്യാപനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ.

1949ൽ രൂപംകൊണ്ട തിരു-കൊച്ചി ഒളിമ്പിക് അസോസിയേഷന് തലസ്ഥാനത്ത് വഞ്ചിയൂർ വില്ലേജിൽപ്പെട്ട വാൻറോസ് ജംഗ്ഷനിലെ 39 സെന്റ് സ്ഥലം സർക്കാർ അനുവദിച്ചിരുന്നു. 1955ൽ ഇവിടെ ഒളിമ്പിക് അസോസിയേഷന്റെ തുകയും സർക്കാർ ഗ്രാന്റും ചേർത്ത് കെട്ടിടം നിർമ്മിച്ച് ഒളിമ്പിക് അസോസിയേഷൻ ഓഫീസായി പ്രവർത്തിച്ചു വരികയായിരുന്നു. 2019ൽ കളക്ടറുടെ നിർദ്ദേശപ്രകാരം കാലപ്പഴക്കം വന്ന കെട്ടിടം പൊളിച്ചുമാറ്റി. കായിക മന്ത്രിയായിരുന്ന ഇ.പി ജയരാജനുമായുള്ള ചർച്ചകളിലൂടെ ഇവിടെ കായിക ഭവൻ എന്ന പേരിൽ പുതിയ മൂന്നുനില കെട്ടിടം നിർമ്മിക്കാനും അതിൽ ഒരു നില ഒളിമ്പിക് അസോസിയേഷൻ ഓഫീസിനായി നൽകാനും ധാരണയായി. കെട്ടിടം വിപുലീകരിക്കുമ്പോൾ ഒരുനില കൂടി ഒളിമ്പിക് അസോസിയേഷന് നൽകാനും തീരുമാനമായി. കെട്ടിടനിർമ്മാണത്തിന്റെ മേൽനോട്ടത്തിന് ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളെക്കൂടി ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ച് ഉത്തരവ് ഇറക്കുകയുംചെയ്തു.

എന്നാൽ ഒളിമ്പിക് അസോസിയേഷനുള്ള ഒരു നില ഒഴിവാക്കി താഴത്തെ നില കാർ പാർക്കിംഗാക്കിയിരിക്കുകയാണ് ഇപ്പോൾ. സ്ഥലത്തിന്റേയും പഴയ കെട്ടിടത്തിന്റേയും ഉടമകളായ തങ്ങളെ ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ലെന്നതിനാലാണ് സമരത്തിനിറങ്ങുന്നതെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.കെ.ഒ.എ ഭാരവാഹികളായ എസ്.രാജീവ്, എസ്.എൻ രഘുചന്ദ്രൻ നായർ, എസ്.നജുമുദ്ദീൻ, വിജു വർമ്മ, പത്മിനി തോമസ് തുടങ്ങിവർ പങ്കെടുത്തു.

9ന് ഉദ്ഘാടനം, ഉപരോധവും

കായിക ഭവന്റെ ഉദ്ഘാടനം ഈ മാസം ഒമ്പതിന് നടത്താനാണ് സർക്കാർ തീരുമാനം. തങ്ങൾക്ക് സ്ഥലം അനുവദിച്ചില്ലെങ്കിൽ അന്ന് കെട്ടിടത്തിന് മുന്നിൽ കായിക താരങ്ങളുമായി ഉപരോധവും ധർണയും നടത്തുമെന്ന് കെ.ഒ.എ അറിയിച്ചു.

കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന്റെ പ്രകടനം മോശമായതിന് കാരണം കായികവകുപ്പിന്റെ കഴിവുകേടാണെന്ന് ഒളിമ്പിക് അസോസിയേഷൻ പരസ്യമായി വിമർശിച്ചിരുന്നു. അതിലുള്ള വിരോധം തീർക്കാൻ കായിക മന്ത്രി ഇടപെട്ടാണ് അസോസിയേഷന് അനുവദിക്കാനിരുന്ന നില ഒഴിവാക്കിയത്.

- വി.സുനിൽ കുമാർ , പ്രസിഡന്റ്,

കേരള ഒളിമ്പിക് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, KOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360