SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തൽ സച്ചിനെ ഒഴിവാക്കാൻ ബി.സി.സി.ഐ ആലോചിച്ചു

sandeep-patil-sachin

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കരിയറിലെ വിഷമഘട്ടത്തിലൂടെ കടന്നുപോയ 2012ൽ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബി.സി.സി.ഐ സെലക്ടർമാരോട് ആവശ്യപ്പെട്ടതായി അന്നത്തെ ചീഫ് സെലക്ടറും മുൻ ഇന്ത്യൻ കോച്ചുമായ സന്ദീപ് പാട്ടീലിന്റെ വെളിപ്പെ‌ടുത്തൽ. 2012ൽ ചീഫ് സെലക്ടറായി സ്ഥാനമേറ്റ തന്നോട് സച്ചിന് പകരക്കാരനെ കണ്ടെത്തണമെന്നാണ് ആദ്യം ആവശ്യപ്പെട്ടതെന്നും പാട്ടീൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. ബി.സി.സി.ഐ തീരുമാനം താൻ നേരിട്ട് അറിയിച്ചപ്പോൾ സച്ചിൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. തമാശയായി പറയുകയാണോ സീരിയസായി പറയുകയാണോയെന്ന് സച്ചിൻ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

2012ൽ ഒമ്പത് ടെസ്റ്റ് മത്സരങ്ങളിൽ സച്ചിന്റെ ബാറ്റിംഗ് ശരാശരി 23.80 ശ മാത്രമായിരുന്നു. ഒരു സെഞ്ച്വറി പോലും ഉണ്ടായിരുന്നില്ല. 10 ഏകദിനങ്ങളിൽ 31.50 മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശരാശരി.ഈ സാഹചര്യത്തിലാണ് ബി.സി.സി.ഐയിൽ നിന്ന് തനിക്ക് നിർദ്ദേശം ലഭിച്ചത്. എന്നാൽ സെലക്ടർമാർക്ക് ഒരു കളിക്കാരനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെങ്കിലും വിരമിക്കാൻ നിർബന്ധിക്കാനാവില്ലെന്നായിരുന്നു തന്റെ നിലപാട്. സച്ചിൻ തുടരാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി അത് അംഗീകരിക്കുകയായിരുന്നുവെന്നും പാട്ടീൽ പറഞ്ഞു. 2013 നവംബറിൽ വിൻഡീസിന് എതിരായ പരമ്പര വിരമിക്കൽ പരമ്പരയായി സച്ചിൻ സ്വയം പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം യുവ‌രാജ് സിംഗിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് അന്ന് ക്യാപ്ടനായിരുന്ന ധോണിയുടെ സമ്മർദ്ദം മൂലമാണെന്ന യുവ്‌രാജിന്റെ പിതാവ് യോഗ്‌രാജിന്റെ ആരോപണം സന്ദീപ് പാട്ടീൽ തള്ളിക്കളഞ്ഞു. സെലക്ഷൻ കമ്മറ്റിയോട് ഒരിക്കൽപോലും യുവിയെ ഒഴിവാക്കണമെന്ന് ധോണി ആവശ്യപ്പെട്ടിട്ടില്ലെന്ന് പാട്ടീൽ പറഞ്ഞു.

2012 മുതൽ 2016വരെ സന്ദീപ് പാട്ടീൽ ചീഫ് സെലക്ടറായിരുന്ന കാലത്താണ് സച്ചിൻ, ലക്ഷ്മൺ, യുവ്‌രാജ് തുടങ്ങിയവർ വിരമിക്കുകയും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ തുടങ്ങിയവർ ടീമിലെത്തുകയും ചെയ്തത്. സഞ്ജു സാംസൺ ആദ്യമായി ഇന്ത്യൻ ടീമിലെത്തിയപ്പോഴും പാട്ടീലായിരുന്നു ചീഫ് സെലക്ടർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SANDEEP PATIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360