SignIn
Kerala Kaumudi Online
Saturday, 23 May 2026 9.35 AM IST

സഞ്ജു സാംസണ്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡ്, ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ

sanju-samson

ക്വേബര്‍ഹ: തുടര്‍ച്ചയായി രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആണ് താരം മൂന്ന് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇടങ്കയ്യന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ സഞ്ജുവിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്ന് ഇന്നും റണ്ണൊഴുകുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം.

ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്. പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു കിംഗ്‌സ്‌മേഡില്‍ വെള്ളിയാഴ്ച നടന്ന ആദ്യ ട്വന്റി 20 മത്സരത്തിലെ താരത്തിന്റെ പ്രകടനം. അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് ഡര്‍ബനില്‍ താരം കുറിച്ചിരുന്നു. ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ക്വേബര്‍ഹയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനാണ് ആദ്യ രണ്ടോവറുകളില്‍ ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തെ മടക്കിയയച്ച് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പുറത്തെടുത്തത്. തുടരെയുള്ള മോശം പ്രകടനം ആവര്‍ത്തിക്കുകയാണ് സഞ്ജുവിന്റെ ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശര്‍മ്മ. ജെറാഡ് കോട്‌സെക്ക് വിക്കറ്റ് സമ്മാനിച്ച് ആണ് ഇന്ന് താരം പുറത്തായത്. നേടാനായത് വെറും നാല് റണ്‍സ് മാത്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360