SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

യു.എസിന്റെ നാശം കൊതിച്ച നേതാവ്, ബോംബ് പൊട്ടി തളർന്ന വലതുകൈ...

e

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും തങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എഴുതിച്ചേർത്ത പേര്... അയത്തൊള്ള അലി ഖമനേയി... ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവ്. 1979ൽ ഷാ ഭരണത്തെ തച്ചുടച്ച ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഇറാന്റ ആദ്യ പരമോന്നത നേതാവും ആത്മീയ ആചര്യനുമായി റുഹൊള്ള ഖൊമേനി മാറി. അദ്ദേഹം 1989ൽ മരിച്ചതോടെയാണ് പിൻഗാമിയായി അയത്തൊള്ള അലി ഖമനേയിയുടെ രംഗപ്രവേശം. രാഷ്ട്രീയയാലും മതമായാലും അവസാനവാക്കായി ഖമനേയി നിലകൊണ്ടു. പ്രസിഡന്റ് അടക്കം ഖമനേയിക്ക് വിധേയരായിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെയും വധശ്രമങ്ങളെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ കരുത്തിൽ അതിജീവിച്ചു.


ദരിദ്ര ബാല്യം

മഷാദിലെ പുരോഹിതന്റെ എട്ട് മക്കളിൽ രണ്ടാമനായി ജനനം. ഒറ്റമുറി വീട്ടിലെ ജീവിതം. റൊട്ടി മാത്രം കഴിച്ച് തള്ളിനീക്കിയ രാത്രികൾ. പട്ടിണി കിടന്ന ദിവസങ്ങളും. പിതാവിന്റെ പഴയ വസ്ത്രങ്ങൾ മാതാവ് വെട്ടിത്തുന്നി മക്കൾക്ക് നൽകി. ദാരിദ്ര്യത്തിന് നടുവിലും മതമൂല്യങ്ങളെ മുറുകെപ്പിടിച്ചു. അടിച്ചമർത്തപ്പെട്ടവരുടെ യോദ്ധാവെന്ന രാഷ്ട്രീയ വ്യക്തിത്വം ഉയർത്തിക്കാട്ടാൻ ഖമനേയി ഈ കഥകൾ ആവർത്തിക്കാറുണ്ട്.


'ജീവിക്കുന്ന

രക്തസാക്ഷി"

കവിയും യുവ പുരോഹിതനായിരിക്കെയാണ് 1960കളിൽ ഷാ ഭരണത്തിനെതിരായ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. ആറ് തവണ അറസ്റ്റിലായി. കൊടിയ മർദ്ദനത്തിന് ഇരയായി. ഒളിവിൽ കഴിഞ്ഞു. ഇസ്ലാമിക വിപ്ലവത്തെ നയിച്ച നേതാക്കളിൽ പ്രമുഖനും റുഹൊള്ള ഖൊമേനിയുടെ അടുത്ത വിശ്വസ്തനുമായി. 1979ൽ ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്ക് ആയതോടെ ഉന്നത പദവികൾ തേടിയെത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലും സേവനമനുഷ്ഠിച്ചു. 1981-89 കാലയളവിൽ പ്രസിഡന്റുമായി.

1981ൽ പ്രതിപക്ഷ ഗ്രൂപ്പ് നടത്തിയ വധശ്രമം 'ജീവിക്കുന്ന രക്തസാക്ഷി"യുടെ പരിവേഷം നൽകി. ബോംബ് ഒളിപ്പിച്ച ടേപ്പ് റെക്കാഡർ ഖമനേയിയുടെ പ്രസംഗത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വലതുകൈ തളർന്നുപോയി. വിപ്ലവത്തിന്റെ അതിജീവിക്കുന്ന ചിഹ്നമായി ആ കൈ ഖമനേയി പ്രയോജനപ്പെടുത്തി.


ഉരുക്കുമുഷ്ടിയിൽ

സൂപ്പർ പവറായി

യുദ്ധത്തിൽ തളർന്ന രാജ്യം മിഡിൽ ഈസ്റ്റിലെ സൂപ്പർ പവറായി മാറിയത് ഖമനേയി പരമോന്നത നേതാവായ ശേഷമാണ്. സായുധ സേനയായ റെവല്യൂഷണറി ഗാർഡിന്റെ കൈകളിലേക്ക് അധികാരച്ചരട് നൽകിയതും ഖമനേയിയാണ്. ഇക്കഴിഞ്ഞ ഡിസംബറിലെ ഭരണ വിരുദ്ധ പ്രക്ഷോഭം ഉൾപ്പെടെയുള്ള പ്രതിസന്ധികളെ റെവല്യൂഷണറി ഗാർഡിന്റെ ഉരുക്കുമുഷ്ടികൊണ്ടാണ് അടിച്ചമർത്തിയത്.

പെട്രോളിയം ഉത്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കാനുള്ള പാതയായ ഹോർമുസ് കടലിടുക്കിനെ റെവല്യൂഷണറി ഗാർഡിന്റെ നിയന്ത്രണത്തിലാക്കിയതോടെ സമുദ്രശക്തിയായി മാറി.

2,500 കിലോമീറ്റർ പ്രഹരപരിധിയുള്ള സെജിലും 2,000 കിലോമീറ്റർ പ്രഹര പരിധിയുള്ള ഖൊറാം ഷഹറും 3000ത്തിലേറെ ആക്രമണപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഇറാനെ സൈനിക ശക്തിയാക്കി. പുറമേ പുരോഹിതന്റെ വേഷം ധരിച്ച,എളിമയുള്ള പണ്ഡിതൻ. എന്നാൽ,37 വർഷം നിയന്ത്രിച്ചതാകട്ടെ,മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈന്യത്തെയും മതസംവിധാനങ്ങളെയുമാണ്. മൻസൂരേ ഖോജസ്തേഹ് ബാഗർസാദേഹാണ് ഭാര്യ. 1964ലാണ് ഇവർ വിവാഹിതരായത്. നാല് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360