SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

അപലപിച്ച് ഇന്ത്യ, പൗരൻമാരുടെ സുരക്ഷ പ്രധാനം

f

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും പ്രധാനമാണ്. പരിശുദ്ധ റംസാൻ മാസത്തിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും പങ്കുള്ള അടുത്ത അയൽക്കാരൻ എന്ന നിലയിൽ,പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ വലിയ ഉത്കണ്ഠ ഉളവാക്കുന്നു. ഗൾഫ് മേഖലയിൽ താമസിക്കുന്ന ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണ്. അവരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനെയും അവഗണിക്കില്ല. കൂടാതെ ഇന്ത്യയുടെ വ്യാപാര,ഊർജ്ജ വിതരണ ശൃംഖലകളും ഈ മേഖലയുമായി ബന്ധപ്പെട്ടാണ്. അവിടെയുണ്ടാകുന്ന ഏത് തടസവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

ആഗോള തൊഴിൽ ശക്തിയിൽ പ്രമുഖ സ്ഥാനമുള്ള രാജ്യമെന്ന നിലയിൽ വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നു. എല്ലാവരും സംയമനം പാലിക്കാനും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാനും ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും മേഖലയിലെ സർക്കാരുകളുമായും മറ്റ് പ്രധാന പങ്കാളികളുമായും ബന്ധപ്പെടുന്നുണ്ട്. മേഖലയിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശങ്ങൾ നൽകി. അതേസമയം, കുടുങ്ങിക്കിടക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

3 ഇന്ത്യക്കാർ കൊല്ലപ്പെട്ടു,
20 പേർക്ക് പരിക്ക്

ദുബായ്: ഇറാന്റെ ആക്രമണം രൂക്ഷമായ ഗൾഫ് രാജ്യങ്ങളിൽ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 20 പേർക്ക് പരിക്കേറ്റു. ഒമാൻ തീരത്ത് ഇറാൻ ആക്രമിച്ച വിദേശ കപ്പലിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ നാവികരാണ് കൊല്ലപ്പെട്ടത്. മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന 'എം.കെ.ഡി വ്യോം" എന്ന കപ്പലിൽ ഒരാളും പലാവു രജിസ്ട്രേഷനുള്ള 'എം.വി സ്കൈലൈറ്റ് " എന്ന കപ്പലിൽ രണ്ടു പേരുമാണ് മരിച്ചതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എൽ.സി.ടി അസ്‌യേ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരന്റെ നില ഗുരുതരമാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് മൂലം പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലായി 37 ഇന്ത്യൻ കപ്പലുകളിലായി 1,109 ഇന്ത്യൻ നാവികർ കുടുങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360