SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ജമ്മു കാശ്‌മീരിൽ വീണ്ടും ശക്തമായി പ്രതിഷേധം

pic

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിൽ ജമ്മു കാശ്‌മീരിൽ ഇന്നലെയും പ്രതിഷേധമുയർന്നു. പി.ഡി.പി അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബുബ മുഫ്‌തി,യു.എസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും പോസ്റ്ററുകൾ കത്തിച്ചു. ശ്രീനഗറിൽ അടക്കം സുരക്ഷാ സന്നാഹം ശക്തമാക്കി. താഴ്‌വരയിലെ സ്‌കൂളുകൾ മാ‌ർച്ച് 7 വരെ അടച്ചിടും. ഷിയാ വിഭാഗം തിങ്ങി പാർക്കുന്ന മേഖലകളിൽ അടക്കം ഇന്റ‌‌ർനെറ്റ് ബന്ധത്തിൽ നിയന്ത്രണങ്ങളുണ്ട്.

അതേസമയം,വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ചില മാദ്ധ്യമ സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവർക്കെതിരെ ജമ്മു കാശ്‌മീർ പൊലീസ് കേസെടുത്തു. 'കാശ്‌മീർ ലൈഫ്','ഗ്രേറ്റർ കാശ്‌മീർ','റൈസിംഗ് കാശ്‌മീർ' തുടങ്ങിയ പത്രങ്ങളുടെ ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മെറ്റ ബ്ലോക്ക് ചെയ്‌തു. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെ തുട‌ർന്നാണിതെന്ന് 'കാശ്‌മീർ ലൈഫ്' ചൂണ്ടിക്കാട്ടി.

 നേതാക്കളെ പ്രതിയാക്കി

എഫ്.ഐ.ആർ

സമൂഹത്തിൽ അശാന്തി വിതയ്‌ക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നാഷണൽ കോൺഫറൻസ് നേതാവും എം.പിയുമായ അഗാ സയിദ് റുഹുള്ള,മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മട്ടു എന്നിവർക്കെതിരെ ജമ്മു കാശ്‌മീർ പൊലീസ് കേസെടുത്തു. ഇരുവരും അവരുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മുഖേന പ്രതിഷേധങ്ങൾ പ്രോത്സാഹിപ്പിച്ചെന്ന് പൊലീസ് കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നും സുരക്ഷാ അകമ്പടി വെട്ടിക്കുറച്ചതായും അഗാ സയിദ് റുഹുള്ള പ്രതികരിച്ചു.

---------------------------

ആക്രമണവും മോദിയുടെ സന്ദർശനവും

തമ്മിൽ ബന്ധമില്ലെന്ന് ഇസ്രയേൽ

ന്യൂഡൽഹി: ഇറാൻ ആക്രമണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവും തമ്മിൽ ബന്ധമില്ലെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ. മോദി മടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ഓപ്പറേഷൻ തുടങ്ങാൻ സൈന്യത്തിന് മന്ത്രിസഭയുടെ അംഗീകാരം കിട്ടിയത്.

മോദിയുടെ സന്ദർശന വേളയിൽ ഇറാനിൽ ആക്രമണം തീരുമാനിച്ചിരുന്നില്ല. മോദിയുമായി നെതന്യാഹു അന്താരാഷ്‌ട്ര വിഷയങ്ങൾ സംസാരിച്ചിരിക്കാം. അതേക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതിനാൽ പങ്കിടാൻ കഴിയില്ലെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

ഇറാന്റെ ഭീഷണി നേരിടാൻ പതിറ്റാണ്ടുകളായി ഇസ്രയേൽ തയ്യാറെടുപ്പിലാണ്. ഇറാനിയൻ സൈനിക നീക്കങ്ങളെ മുൻകൂട്ടി മനസിലാക്കാനും ആവശ്യമായതെല്ലാം സജ്ജമാക്കണമായിരുന്നു. ഇതിനായി ഞങ്ങൾ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചത്.

യു.എസുമായി ചേർന്ന് ഇറാനെ ആക്രമിക്കാനുള്ള ശരിയായ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ലേസർ പ്രതിരോധ സംവിധാനമായ അയൺ ബീം, പ്രതിരോധ മിസൈലുകളായ ആരോ 3, ഡേവിഡ്‌സ് സ്ലിംഗ് എന്നിവയും ഇറാൻ ആക്രമണങ്ങളെ തടുത്തു. നിർഭാഗ്യവശാൽ അവയിൽ ചിലത് സിവിലിയൻ മേഖലകളിൽ പതിച്ചു. ഖമനേയിക്ക് ശേഷം ഇറാനെ ആരാണ് നയിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് പൊതുജനങ്ങളും പ്രതിപക്ഷ പാർട്ടികളുമാണ്. പതിറ്റാണ്ടു നീണ്ട ഭയാനകമായ അടിച്ചമർത്തലിൽ നിന്ന് ഇറാനിയൻ ജനത സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെന്ന് അസർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360