SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

ഇന്ത്യയിലേക്കുള്ള 10,000 കോടിയുടെ ക്രൂഡ് ഓയിൽ: ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി

pic

 36 ഇന്ത്യൻ കപ്പലുകൾ കുടുങ്ങി

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്കിനു സമീപം ഇന്ത്യയിലേക്കുള്ള 10,000 കോടി രൂപയുടെ ക്രൂഡ് ഓയിൽ അടക്കം കുടുങ്ങികിടക്കുന്നു. ആകെ 23,000 ഇന്ത്യൻ നാവികർ ഗൾഫ് മേഖലയിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. ഇതിൽ 1,074 പേർ മേഖലയിൽ കുടുങ്ങിയ 36 ഇന്ത്യൻ കപ്പലുകളിലാണ്. മറ്റുള്ളവർ മേഖലയിലെ തുറമുഖങ്ങളിലും വിദേശകപ്പലുകളിലുമായി കുടുങ്ങിയവരാണ്. 36 ഇന്ത്യൻ കപ്പലുകളിൽ 12 എണ്ണം ഹോർമുസ് കടലിടുക്കിന് കിഴക്കും (ഒമാൻ ഉൾക്കടൽ) 24 എണ്ണം ഹോർമുസിന് പടിഞ്ഞാറുമാണ് (പേർഷ്യൻ ഉൾക്കടൽ) കുടുങ്ങിക്കിടക്കുന്നത്. ഭൂരിഭാഗവും ക്രൂഡ് ഓയിലിന് പുറമെ എൽ.പി.ജി, വാണിജ്യ കാർഗോ എന്നിവയുമായി ഇന്ത്യയിലേക്ക് വരുന്നവയാണ്. ഏഴു കപ്പലുകൾ ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടേതാണ്.

യു.എസും ഇസ്രയേലും ആക്രമണം കടുപ്പിച്ചതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ഇതോടെയാണ് പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ സമുദ്രപാതയിലുടനീളം കപ്പലുകൾ കുടുങ്ങിയത്. കപ്പലുകൾക്കെതിരെ ആക്രമണവും വ‌ർദ്ധിച്ചു. ഒമാൻ ഉൾക്കടലിൽ പലാവു പതാകയുള്ള എണ്ണ ടാങ്കറായ 'സ്‌കൈലൈറ്റിന്' നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരായ ആശിഷ് കുമാർ, ദലിപ് സിംഗ് എന്നിവർ കൊല്ലപ്പെട്ടിരുന്നു.

കുടുങ്ങിക്കിടക്കുന്നവരുമായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യൻ പതാകയുള്ള കപ്പലുകളെയും നാവികരെയും സംരക്ഷിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി. നിരീക്ഷണം കർശനമാക്കി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കഴിഞ്ഞദിവസം കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നിരുന്നു. സാഹചര്യം കൈകാര്യം ചെയ്യാൻ പ്രത്യേക ദ്രുത പ്രതികരണ സംഘത്തെ നിയോഗിച്ചു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ കേന്ദ്രസർക്കാരിന് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360