SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ആശ്വാസം അകലെ സ്‌തംഭിച്ച് പശ്ചിമേഷ്യ  സംഘർഷം രൂക്ഷം, വിട്ടുവീഴ്ചയില്ലാതെ ഇറാൻ  ആക്രമണ ഭീതിയിൽ ബാങ്കുകൾ

f

ടെഹ്റാൻ: യു.എസും ഇസ്രയേലും ആക്രമണം തീവ്രമാക്കിയിട്ടും വിട്ടുവീഴ്ചയ്ക്കില്ലാതെ പശ്ചിമേഷ്യയേയും ഹോർമുസ് കടലിടുക്കിനേയും സ്തംഭിപ്പിച്ച് ഇറാൻ തിരിച്ചടി തുടരുന്നു. ഹോർമുസിൽ ഇന്നലെ ഇന്ത്യയിലേക്ക് വന്നതടക്കം മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടു. ആക്രമണം തുടർന്നാൽ ഹോർമുസിലൂടെ ഒരു തുള്ളി എണ്ണ കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് വെല്ലുവിളിച്ചതിനു പിന്നാലെയാണിത്. ആഗോളതലത്തിൽ ഊർജ്ജ വിതരണം താറുമാറായിരിക്കുകയാണ്. നിലവിൽ സംഘർഷം അയയുന്നതിന്റെ യാതൊരു ലക്ഷണങ്ങളൊന്നുമില്ല.

ഇതിനിടെ, തലസ്ഥാനമായ ടെഹ്റാനിൽ സെപാ ബാങ്കിന്റെ ഓഫീസുകൾക്ക് ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി വ്യോമാക്രമണമുണ്ടായത് ഇറാനെ ചൊടിപ്പിച്ചു. ഇസ്രയേലും യു.എസുമായും ബന്ധമുള്ള സാമ്പത്തിക, ബാങ്കിംഗ് കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെ ജനങ്ങൾ ബാങ്കുകളിൽ നിന്ന് 1,000 മീറ്റർ അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. അതേ സമയം, ഹോർമുസ് മേഖലയിൽ മൈനുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഇറാന്റെ 16 കപ്പലുകളെ തകർത്തെന്ന് യു.എസ് അറിയിച്ചു. ഹോർമുസിലൂടെയുള്ള ഊർജ്ജ നീക്കം തടസ്സപ്പെടുത്തിയാൽ ഇതുവരെ കാണാത്ത തീവ്രതയിലെ പ്രത്യാഘാതങ്ങൾ ഇറാൻ കാണേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

 മൊജ്തബാ സുരക്ഷിതനെന്ന്

പുതിയ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിക്ക് നേരിയ പരിക്കേറ്റെന്ന് ഇറാൻ ഉദ്യോഗസ്ഥർ. ഫെബ്രുവരി 28ന് പിതാവ് അയത്തൊള്ള അലി ഖമനേയി അടക്കം കുടുംബാംഗങ്ങളുടെ ജീവനെടുത്ത ടെഹ്റാനിലെ വ്യോമാക്രമണത്തിലാണ് പരിക്കേറ്റത്. അതേ സമയം, മൊജ്തബാ സുരക്ഷിതനാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. രഹസ്യ കേന്ദ്രത്തിൽ കഴിയുന്ന മൊജ്തബാ ഞായറാഴ്ച അധികാരത്തിലേറിയ ശേഷം ഇതുവരെ ജനങ്ങളെ അഭിസംബോധന ചെയ്തിട്ടില്ല.

അതേ സമയം, യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരുടെ സംസ്കാരച്ചടങ്ങിനായി ഭീഷണികളെ അവഗണിച്ച് നിരവധി പേർ ഇന്നലെ ഇറാനിയൻ തെരുവുകളിൽ ഒത്തുകൂടി.

# ഹോർമുസ് കത്തുന്നു

(ഫെബ്രു. 28ന് യുദ്ധം തുടങ്ങിയത് മുതൽ ഹോർമുസ് കടലിടുക്കിലും പേർഷ്യൻ ഒമാൻ ഉൾക്കടലുകളിലും റിപ്പോർട്ട് ചെയ്തവ)

 ആക്രമിക്കപ്പെട്ട കപ്പലുകൾ - 13

 ആക്രമണശ്രമം നേരിട്ടവ - 4

 കൊല്ലപ്പെട്ട നാവികർ - 7 (ഇന്ത്യക്കാർ 2)

 കാണാതാവർ - 7 (ഒരാൾ ഇന്ത്യക്കാരൻ)

# നിലവിൽ ഹോർമുസ് മേഖലയിലുള്ളത് - 28 ഇന്ത്യൻ കപ്പലുകൾ

ഇതിൽ :

- 24 എണ്ണം ഹോർമുസിന് പടിഞ്ഞാറ് പേർഷ്യൻ ഉൾക്കടലിൽ - 670 ലേറെ ഇന്ത്യക്കാർ

- 4 എണ്ണം ഹോർമുസിന് കിഴക്ക് ഒമാൻ ഉൾക്കടലിൽ - 101 ഇന്ത്യക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360