SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

ഇറാന്റെ സാമ്പത്തിക നട്ടെല്ല്: ഖാർഗ് ദ്വീപിൽ ബോംബിട്ട് യു.എസ്

d

ടെഹ്റാൻ: ഇറാന്റെ സാമ്പത്തിക നട്ടെല്ലായ പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപിൽ യു.എസ് ബോംബിട്ടതോടെ, പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധം മറ്റൊരുതലത്തിലേക്ക് നീങ്ങിയേക്കുമെന്ന് ആശങ്ക. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഹൃദയമായ ഖാർഗിലെ സൈനിക ലക്ഷ്യ സ്ഥാനങ്ങൾ മുഴുവൻ തുടച്ചുനീക്കിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് നിറുത്തിയില്ലെങ്കിൽ, ഖാർഗിലെ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ യു.എസുമായി സഹകരിക്കുന്ന മേഖലയിലെ എണ്ണ, ഊർജ്ജ കേന്ദ്രങ്ങൾ മുഴുവൻ ചാരക്കൂമ്പാരമായി മാറുമെന്ന് ഇറാനും തിരിച്ചടിച്ചു. നിലവിൽ ഖാർഗിലെ എണ്ണ കേന്ദ്രങ്ങൾ സുരക്ഷിതമാണ്.


ഊർജ്ജ ക്ഷാമവും വിലക്കയറ്റവും അഭിമുഖീകരിക്കുന്ന ലോകത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് നിലവിലെ സാഹചര്യങ്ങൾ.

യുദ്ധം നീണ്ടേക്കുമെന്നും ഇറാനിൽ യു.എസിന്റെ കരയാക്രമണമുണ്ടായേക്കുമെന്നും ആശങ്കയും ശക്തമായി. യു.എസിന്റെ ഏകദേശം 2500-5000 മറീൻ സൈനികരും യു.എസ്.എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലും മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടു. കരയിലും കടലിലും ആക്രമണങ്ങൾ നടത്താൻ കഴിയുന്ന വിഭാഗമാണ് മറീൻ. ഖാർഗ് ദ്വീപാണോ ലക്ഷ്യമെന്നും സംശയിക്കുന്നു.


# യു.എ.ഇക്ക് മുന്നറിയിപ്പ്


ഖാർഗ് ആക്രമണത്തിന് പിന്നാലെ യു.എ.ഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ഇറാൻ ഡ്രോൺ വിക്ഷേപിച്ചു. വ്യോമപ്രതിരോധ സംവിധാനം ഡ്രോണിനെ തകർത്തെങ്കിലും അവശിഷ്ടം പതിച്ച് മേഖലയിൽ തീപിടിത്തമുണ്ടായി. ആളപായമില്ല. പിന്നാലെ ഫുജൈറ തുറമുഖത്തെ പ്രവർത്തനങ്ങൾ ഭാഗികമായി നിറുത്തിവച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എണ്ണ സംഭരണ കേന്ദ്രങ്ങളിലൊന്നാണ് ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോൺ. കപ്പലുകൾ ഇന്ധനം നിറയ്ക്കുന്ന പ്രധാന ഹബ്ബാണ് ഒമാൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇവിടം. യു.എ.ഇയിലെ ഷിപ്പിംഗ് പോർട്ടുകളിലും ഡോക്കുകളിലുമുള്ള അമേരിക്കൻ മിസൈലുകളും അമേരിക്കൻ സൈനികരുടെ ഒളിസങ്കേതങ്ങളും ആക്രമിക്കുമെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു. ജനങ്ങൾ ഈ മേഖലകളിൽ നിന്ന് ഒഴിയണമെന്നും മുന്നറിയിപ്പ് നൽകി.

# ഖാർഗ് ദ്വീപ് - ഇറാന്റെ രത്നം

മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ഖാർഗ് ദ്വീപിലുണ്ടായതെന്ന് ട്രംപ് അവകാശപ്പെടുന്നു. വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി 15ലേറെ സ്ഫോടനങ്ങൾ ഇവിടെയുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, നേവൽ ബേസ്, എയർപോർട്ട് കൺട്രോൾ ടവർ, ഹെലികോപ്റ്റർ ഹാങ്ങർ, ബങ്കറുകൾ തുടങ്ങി 90ലേറെ ടാർജറ്റുകൾ തകർത്തു. എന്തുകൊണ്ടാണ് ഖാർഗ് ഇറാനിലെ ഏറ്റവും നിർണായകമായ പ്രദേശമായത് ?


 ഖാർഗ് ദ്വീപ് ഇറാന്റെ കിരീടത്തിലെ രത്നം എന്നറിയപ്പെടുന്നു

 ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ദ്വീപ് വഴി

 ഇറാൻ തീരത്ത് നിന്ന് 26 കിലോമീറ്റർ അകലെ

 ഹോർമുസ് കടലിടുക്കിൽ നിന്ന് 483 കിലോമീറ്റർ അകലെ

 3 കോടി ബാരൽ ക്രൂഡ് ഓയിൽ സംഭരിക്കാൻ ശേഷി

 വിമാനത്താവളം, ശുദ്ധജല വിതരണം അടക്കം സൗകര്യം

 നീളം - 8 കിലോമീറ്റർ. വീതി - 4 കിലോമീറ്റർ. വിസ്‌തീർണം - 20 ചതുരശ്ര കിലോമീറ്റർ. ജനസംഖ്യ - 20,000

 ഇറാനിലെ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പ് ലൈനുകൾ വഴി ഇവിടേക്കെത്തിക്കും

 ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ സുരക്ഷാ വലയത്തിനുള്ളിൽ

 ഖാർഗ് വഴിയുള്ള ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും പോകുന്നത് ചൈനയിലേക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360