SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഹോർമുസ് നാവിക സഖ്യം: ട്രംപിന്റെ ആഹ്വാനം തള്ളി സഖ്യ കക്ഷികൾ  നാറ്റോയ്‌ക്കും ചൈനയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്

d

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ,ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്ത നാവിക സഖ്യത്തിലേക്കുള്ള ക്ഷണം നിരസിച്ച് ഫ്രാൻസും യു.കെയും അടക്കം രാജ്യങ്ങൾ. ഇറാനെ ചൊല്ലിയുള്ള വിശാലമായ യുദ്ധത്തിന്റെ ഭാഗമാകാൻ യു.കെയെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാമർ പറഞ്ഞു. എന്നാൽ,ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള പ്രായോഗിക പദ്ധതിക്കായി സഖ്യ രാജ്യങ്ങളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിൽ ബലപ്രയോഗം നടത്തി സംഘർഷം രൂക്ഷമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഫ്രാൻസിന്റെ നിലപാട്. ഇത് തങ്ങളുടെ യുദ്ധമല്ലെന്നും യുദ്ധം തുടങ്ങിയത് തങ്ങളല്ലെന്നും ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്. ഹോർമുസിലേക്ക് യുദ്ധക്കപ്പൽ അയക്കില്ലെന്ന് ഓസ്ട്രേലിയയും വ്യക്തമാക്കി. ഇറാന്റെ ആക്രമണം തടഞ്ഞ് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ യു.കെ,ചൈന,ഫ്രാൻസ്,ജപ്പാൻ,ദക്ഷിണ കൊറിയ തുടങ്ങിയ സഖ്യ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്.

'നാറ്റോയുടെ ഭാവിയെ

ബാധിക്കും"

സഖ്യ കക്ഷികളുടെ നിലപാടിൽ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഹോർമുസ് സുരക്ഷിതമാക്കാൻ സഖ്യ കക്ഷികൾ സഹകരിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവിയെ അത് മോശമായി ബാധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ചൈന സഹകരിക്കുമെന്ന് കരുതുന്നതായും മറിച്ചായാൽ ഈ മാസം അവസാനം നിശ്ചയിച്ചിട്ടുള്ള ചൈനാ സന്ദർശനം മാറ്റിവയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. മാർച്ച് 31 മുതൽ മൂന്ന് ദിവസമാണ് ട്രംപിന്റെ ചൈനാ സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്. അതേസമയം,യു.എസും ഇസ്രയേലും ഇറാനെതിരെയുള്ള ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കി. അടുത്ത മൂന്നാഴ്ച കൂടിയെങ്കിലും ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പറയുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇന്നലെ ശക്തമായ ബോംബാക്രമണമുണ്ടായി.


# ഹോർമുസ് കടലിടുക്കിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഏകദേശം ഏഴ് രാജ്യങ്ങളുമായി താൻ ചർച്ച നടത്തുന്നുണ്ട്. അവർ സഹായിച്ചില്ലെങ്കിൽ, അക്കാര്യം ഞാൻ മറക്കില്ല.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്


# ഹോർമുസ് കടലിടുക്ക് ശത്രുക്കൾക്ക് മുന്നിൽ അടഞ്ഞുതന്നെ കിടക്കും. വെടിനിറുത്തലിനായി ഞങ്ങൾ യു.എസിനോട് അഭ്യർത്ഥിച്ചിട്ടില്ല.

- അബ്ബാസ് അരാഗ്ചി,

വിദേശകാര്യ മന്ത്രി, ഇറാൻ

----------------------------------

# അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു

 യു.എ.ഇയിലെ അബുദാബിയിൽ ഇറാനിയൻ മിസൈൽ ജനവാസ മേഖലയിൽ കാറിന് മുകളിലേക്ക് പതിച്ച് പാലസ്തീൻ വംശജൻ മരിച്ചു

 ഡ്രോൺ ആക്രമണത്തിന് പിന്നാലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചെങ്കിലും സർവീസുകൾ പുനഃരാരംഭിച്ചു. വിമാനത്താവളത്തിന് സമീപത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു

 യു.എ.ഇയിലെ ഫുജൈറ വ്യാവസായിക മേഖലയിലും ഉം-അൽ ഖുവൈനിലെ ഒരു കെട്ടിടത്തിലും ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം

 ഖത്തറിനെയും സൗദി അറേബ്യയേയും ബഹ്റൈനേയും ലക്ഷ്യമാക്കിയ മിസൈലുകളും ഡ്രോണുകളും തകർത്തു

 ഇറാനിയൻ മിസൈലിന്റെ ഭാഗങ്ങൾ ടെൽ അവീവ്,​ നെസ് സിയോണ തുടങ്ങി ഇസ്രയേലിന്റെ പല ഭാഗങ്ങളിലും പതിച്ചു. ആളപായമില്ല

 ഇസ്രയേലിലെ നഹരിയയിൽ ഹിസ്ബുള്ള മിസൈൽ കെട്ടിടത്തിൽ പതിച്ച് 6 പേർക്ക് പരിക്ക്

 ഇറാക്കിൽ വ്യോമാക്രമണത്തിൽ ആറ് ഇറാൻ അനുകൂല സായുധ സേനാംഗങ്ങൾ കൊല്ലപ്പെട്ടു

 ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിൽ ഇസ്രയേൽ ആക്രമണം. ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉപയോഗിച്ചിരുന്ന വിമാനം തകർത്തെന്ന് ഇസ്രയേൽ

 ഇറാനിലെ ചബഹാർ തുറമുഖത്തിന് സമീപത്തെ സൈനിക കേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചു

 ഹിസ്ബുള്ളയുമായി സംഘർഷം തുടരുന്ന ലെബനനിലെ നിശ്ചിത അതിർത്തി പ്രദേശങ്ങളിൽ ഇസ്രയേൽ കരയാക്രമണം തുടങ്ങി

 ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്ന പേർഷ്യൻ ഉൾക്കടലിലുള്ള ഖാർഗ് ദ്വീപിനെ പിടിച്ചെടുക്കാൻ യു.എസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്

 ശത്രുരാജ്യങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്നാരോപിച്ച് 500ലേറെ പേരെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360