
ന്യൂഡൽഹി: ജൂൺ 21ലെ നീറ്റ് യു.ജി പുനപ്പരീക്ഷ പഴുതുകളില്ലാതെ നടത്താൻ എല്ലാ ഒരുക്കങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച 22 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചു. പരീക്ഷാസംവിധാനം ശരിയാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.
അതേസമയം, ചോദ്യപേപ്പർ ചേർച്ചക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രക്ഷിതാവും ഡോക്‌ടറുമായ മനോജ് ശിരൂരെയെ സി.ബി.ഐ മാപ്പുസാക്ഷിയാക്കിയേക്കും. മനോജ് ശിശുരോഗ വിദഗ്ദ്ധനാണ്. മകനു വേണ്ടി 12 ലക്ഷം നൽകി രസതന്ത്രം ചോദ്യപേപ്പർ സംഘടിപ്പിച്ചുവെന്ന് കേന്ദ്ര ഏജൻസി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിൽ നിരവധി രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അന്വേഷണസംഘം ചോദ്യംചെയ്യുന്നുണ്ട്.
വിമർശിച്ച് കോൺഗ്രസ്
നീറ്ര് യു.ജി ചോദ്യപേപ്പർ ചോർന്നുവെന്ന് തുറന്നു സമ്മതിക്കാത്ത നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. എൻ.ടി.എ മേധാവി പ്രദീപ് കുമാർ ജോഷിയും,ഡയറക്‌ടർ ജനറൽ അഭിഷേക് സിംഗും സത്യസന്ധതയില്ലാത്ത നിലപാടാണ് കഴിഞ്ഞദിവസം പാർലമെന്ററി സമിതിക്കു മുന്നിൽ സ്വീകരിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി,നാഷണൽ ട്രോമാ ഏജൻസിയായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |