SignIn
Kerala Kaumudi Online
Saturday, 23 May 2026 4.21 AM IST

അവളെ മറക്കാതെ ഡച്ച് സർക്കാർ, മോദിയോട് ചോദിച്ചു,​ ഇൻസിയയെക്കുറിച്ച്

e

ന്യൂഡൽഹി: നെതർലഡ്‌സിൽ മാതാവിനൊപ്പം കഴിഞ്ഞ രണ്ടുവയസുകാരിയെ പിതാവ് തട്ടിയെടുത്ത് ഇന്ത്യയിലെത്തിച്ചു. പത്ത് വർഷം കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദർശനത്തിന് നെതർലൻഡ്സിലെത്തി. ചർച്ച ചെയ്യാൻ നിരവധി വിഷയങ്ങളുള്ളപ്പോഴും അവർ മോദിയോട് അന്വേഷിച്ചു. ഇൻസിയ ഹേമാനി ആ കുട്ടിയെക്കുറിച്ച്. കുട്ടിയെ വീണ്ടുകിട്ടാൻ മാതാവിന്റെ പരാതിയിൽ ഡച്ച് സർക്കാർ സമ്മർദ്ദം തുടരുന്നതിനിടെയാണ് വിഷയം നേരിട്ട് അവതരിപ്പിച്ചത്. തട്ടിക്കൊണ്ടുപോയത് പിതാവാണെങ്കിലും ക്രിമിനൽ പ്രവൃത്തിയായാണ് ഡച്ച് സർക്കാർ സംഭവത്തെ കാണുന്നത്.

വർഷം 2016. ഷെഹ്‌സാദ് ഹെമാനി- നാദിയ റാഷിദ് ദമ്പതികൾക്കിടയിലെ തർക്കം കോടതി വരെയെത്തി. മകളെ വളർത്താനുള്ള ചുമതല ഡച്ച് കോടതി നാദിയയ്ക്ക് നൽകി. ഇതിൽ പ്രകോപിതനായ ഷെഹ്‌സാദ് ഇൻസിയയെ ആംസ്റ്റർഡാം-ഊസ്റ്റിലുള്ള അവളുടെ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ജർമ്മനി വഴി ഇന്ത്യയിലെത്തി. മകളെ തിരികെ കിട്ടാനുള്ള നിയമപോരാട്ടത്തിലാണ് മാതാവ്. കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര നിയമവ്യവസ്ഥയിൽ ഇന്ത്യ ഒപ്പിടാത്തത് അവർക്ക് തിരിച്ചടിയായി. നിലവിൽ ഇന്ത്യൻ നിയമങ്ങൾ ബാധകമായ കേസ് അനന്തമായി നീളുകയാണ്. മോദിയുടെ സന്ദർശന വേളയിൽ വേദികൾക്ക് പുറത്ത് നാദിയ പ്രതിഷേധിച്ചിരുന്നു. രാജ്ഞി മാക്സിമയുമായി സംസാരിക്കുകയും ചെയ്‌തു. കേസ് തീർപ്പാക്കാൻ ഉന്നതതല സംഘത്തെ ഇന്ത്യയിലേക്ക് അയയ‌്ക്കാനുള്ള നീക്കത്തിലാണ് ഡച്ച് സർക്കാർ. തട്ടിക്കൊണ്ടുപോകൽ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പിതാവ് ഷെഹ്‌സാദിന് ഡച്ച് കോടതി എട്ടരവർഷം തടവുശിക്ഷ വിധിച്ചിരുന്നു. കുട്ടിയെ കടത്താൻ സഹായിച്ച ബന്ധു ഇമ്രാന് നാലുവർഷവും ശിക്ഷ ലഭിച്ചു.

ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഉദാരമായ ഇടം ഇരുരാജ്യങ്ങൾക്കുമിടയിൽ ആവശ്യമാണെന്ന് ഔദ്യോഗിക വസതിയായ കാറ്റ്ഷൂയിസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ സൂചിപ്പിച്ചിരുന്നു. വിഷയം ഉയർന്നുവന്നതായി സമ്മതിച്ച വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോർജ് കോടതിയുടെ പരഗണനയിലായതിനാൽ അഭിപ്രായം പറയാനാകില്ലെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360