ആലപ്പുഴ: അത്യാധുനിക സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഐ.ഒ.ടി, ത്രീ ഡി മോഡലിംഗ് തുടങ്ങിയവയിൽ സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലുള്ള ജില്ലാ പരിശീലന ക്യാമ്പിന് കലവൂർ സോഷ്യോ-എക്കണോമിക് സെന്ററിൽ തുടക്കമായി. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് മുഴുവൻ ഹൈസ്ക്കൂൾ-ഹയർ സെക്കൻഡറി കുട്ടികൾക്കും അടുത്ത വർഷം പരിശീലനം നൽകുന്നതോടൊപ്പം പൊതുജനങ്ങൾക്കായി വിപുലമായ ഡിജിറ്റൽ മീഡിയാ ലിറ്ററസി പരിപാടിയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടപ്പാക്കും. ജില്ലയിലെ സ്കൂളുകളിൽ ലഭ്യമായ 645 റോബോട്ടിക്സ് കിറ്റുകൾ പ്രയോജനപ്പെടുത്തും. ആൻഡ്രോയ്ഡ് മൊബൈൽ ആപ് നിർമ്മാണം, ചേയ്സർ എൽ.ഇ.ഡി., സ്മാർട്ട് ഡോർബെൽ, ആട്ടോമാറ്റിക് ലെവൽ ക്രോസ്, ലൈറ്റ് ട്രാക്കിംഗ് സോളാർ പാനൽ, മാജിക് ലൈറ്റ് തുടങ്ങിയവയുടെ നിർമാണവും വിവിധ ആവശ്യങ്ങൾക്ക് ഐ.ഒ.ടി. ഉപകരണങ്ങൾ തയ്യാറാക്കലും ക്യാമ്പിൽ നടക്കും. വസ്തുക്കളുടെ ത്രിമാന രൂപം കമ്പ്യൂട്ടറിൽ സൃഷ്ടിക്കുന്ന പരിശീലനവും ക്യാമ്പിലുണ്ട്. ത്രീഡി അനിമേഷൻ സോഫ്റ്റ്വെയറായ ബ്ലെൻഡർ ഉൾപ്പെടെ പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരിശീലനം. ജില്ലയിലെ 149 പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 4458 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും 1048 പേർ സബ്ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു. ഇവരിൽ നിന്നും തെരഞ്ഞെടുത്ത 82 കുട്ടികളാണ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഓൺലൈനായി കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അംഗങ്ങളെ എ.എം.ആരിഫ് എം.പി. രാവിലെ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |