നാേയിഡ: അപ്പാർട്ടുമെന്റിലെ പാർക്കിംഗ് ഏരിയയിൽ കാറുകൾ ആസിഡ് ഒഴിച്ച് കേടുവരുത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. നോയിഡയിലാണ് സംഭവം. ഇരുപത്തഞ്ചുകാരനായ രാംരാജ് ആണ് പിടിയിലായത്. നേരത്തേ അപ്പാർട്ടുമെന്റിലെ താമസക്കാരുടെ കാറുകൾ ഇയാളാണ് കഴുകിയിരുന്നത്. ഇതിൽനിന്ന് ഒഴിവാക്കിയതാണ് രാംരാജിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
രണ്ടുദിവസം മുമ്പാണ് അപ്പാർട്ടുമെന്റിലെ താമസക്കാരുടെ എസ് യു വി ഉൾപ്പടെയുള്ള നിരവധി കാറുകൾ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആസിഡ് ഒഴിച്ച് കാറുകൾ നശിപ്പിച്ചു എന്ന് വ്യക്തമായത്. പാർക്കിംഗ് ഏരിയയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് രാംരാജാണ് കാറുകൾ നശിപ്പിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ അയാൾ കുറ്റം സമ്മതിച്ചു. കാർ കഴുകലായിരുന്നു ഏക വരുമാനമെന്നും ഇത് നിലച്ചതോടെയാണ് പ്രതികാരം ചെയ്യാൻ ഉറച്ചതെന്നുമാണ് ഇയാൾ പറഞ്ഞത്. നന്നായി ജോലിചെയ്യാത്തതിനാലാണ് ഇയാളെ പിരിച്ചുവിട്ടതെന്നാണ് അപ്പാർട്ടുമെന്റിലെ താമസക്കാർ പറയുന്നത്.
ആസിഡ് ആക്രമണത്തിൽ ഒട്ടുമിക്ക കാറുകൾക്കും കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്. നന്നാക്കണമെങ്കിൽ പതിനായിരങ്ങൾ ചെലവുവരുമെന്നാണ് ഉടമകൾ പറയുന്നത്. അപകടമോ പ്രകൃതി ദുരന്തമോ അല്ലാത്തതിനാൽ ഇൻഷുറൻസ് കിട്ടുമോ എന്നതും സംശയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |