കൊച്ചി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ രജിസ്‌ട്രിയ്ക്ക് കോടതി നിർദേശം നൽകിയിരുന്നു. കളക്‌ടർ പ്രാഥമിക റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം നൽകണം. പോർട്ട് ഓഫീസറും ജില്ലാ കളക്‌ടറും ചീഫ് സെക്രട്ടറിയും ഡി ജി പിയും എതിർ കക്ഷികളാകും.
'നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു. ഹൃദയത്തിൽ നിന്ന് രക്തം പൊടിയുകയാണ്. ഉത്തരവാദികളെ കണ്ടെത്തണം. കടുത്ത ആശങ്കയുണ്ട്. യാത്ര സുരക്ഷിതമെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥരില്ലേ? എന്തുകൊണ്ടാണ് കണ്ണടച്ചിരിക്കുന്നത്? ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷിയാക്കണം. അപകടം ഞെട്ടിക്കുന്നതാണ്. കാരണം കണ്ടെത്തേണ്ടതുണ്ട്. ആവർത്തിച്ചാവർത്തിച്ച് ഇത്തരം ദുരന്തം ഉണ്ടാകുന്നു. ഇത് തടയുന്നതിനുള്ള യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ഫലപ്രദമായ ഇടപെടൽ ഉണ്ടാകണം. സർക്കാരിന് ഗൗരവമുണ്ടെങ്കിൽ കോടതിയ്ക്ക് ഒപ്പം നിൽക്കണം'- കോടതി വ്യക്തമാക്കി. ജീവൻ പണയംവച്ച് നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
പോർട്ട് ഓഫീസറോട് കോടതി റിപ്പോർട്ട് തേടി. മാരിടൈം ബോർഡിന്റെ കീഴിലുള്ള പോർട്ട് ഓഫീസറാണ് വിശദീകരണം നൽകേണ്ടത്. നിലവിൽ മാരിടൈം ബോർഡിന്റെ അഴീക്കൽ പോർട്ട് ഓഫീസർ ആഭ്യന്തര അന്വേഷണം നടത്തുകയാണ്. ഈ അന്വേഷണ റിപ്പോർട്ടായിരിക്കും മാരിടൈം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |