കോഴിക്കോട്: യുവ ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികളിലൊരാളെ പരാതിക്കാരനായ അശ്വിൻ തിരിച്ചറിഞ്ഞു. കോഴിക്കോട് നടുവട്ടം സ്വദേശിയായ എ പി മുഹമ്മദ് അജ്മൽ എന്നയാളെയാണ് തിരിച്ചറിഞ്ഞത്. ഇയാളാണ് അശ്വിനെ ആക്രമിച്ചതും ഭാര്യയെ അസഭ്യം പറഞ്ഞതും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിൽ പിന്തുടർന്നെത്തിയവർ അശ്വിന്റെ ഭാര്യയെ ശല്യപ്പെടുത്തി. ഇത് ചോദ്യം ചെയ്‌തതിന് ഇയാളെ മർദ്ദിച്ചു. കോഴിക്കോട് നഗരത്തിൽ ക്രിസ്‌ത്യൻ കോളേജിന് സമീപം ട്രാഫിക് സിഗ്നലിൽ വച്ചാണ് സംഭവമുണ്ടായത്. സിനിമ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ദമ്പതികൾ.
രണ്ട് ബൈക്കിലായെത്തിയ അഞ്ചംഗ സംഘമാണ് യുവതിയെ ശല്യപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്‌തതോടെ അശ്വിന്റെ ചെകിട്ടത്തടിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. സംഭവമുണ്ടായയുടൻ രേഖാമൂലം പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. നടക്കാവ് പൊലീസിലും സിറ്റി ട്രാഫിക്കിലും പരാതി നൽകിയിരുന്നു. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും പൊലീസ് തിരക്കിയില്ലെന്നാണ് ഇരിങ്ങാടൻപള്ളി സ്വദേശിയായ അശ്വിൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |