തിരുവനന്തപുരം: തന്റെ വ്യവസായ സംരംഭത്തിന് നഗരസഭ അനുമതി നൽകാത്തതിൽ മനംനൊന്ത് കണ്ണൂരിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമളയ്ക്ക് വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് സി.പി.എം നേതാവ് പി.ജയരാജൻ രംഗത്തെത്തി. ഒരു പ്രവർത്തകനെയും ഒതുക്കാൻ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് കഴിയില്ലെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയരാജൻ വ്യക്തമാക്കി. വിഷയത്തിൽ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനത്തെ തള്ളുന്നത് കൂടിയാണ് ജയരാന്റെ നിലപാട്. വിഷയം ചർച്ച ചെയ്യാൻ നാളെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ചേരാനിരിക്കെ ജയരാജന്റെ നിലപാട് യോഗത്തിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
നഗരസഭയ്ക്കും അദ്ധ്യക്ഷയ്ക്കും സാജൻ പാറയിലിന്റെ കൺവൻഷൻ സെന്ററിന് അനുമതി നൽകുന്ന വിഷയത്തിൽ വീഴ്ച പറ്റി. അത് അഗീകരിക്കണം. പാർട്ടി വേറെ, തദ്ദേശസ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ. നഗരസഭാ അദ്ധ്യക്ഷ എന്ന നിലയിൽ പി.കെ ശ്യാമളയ്ക്ക് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് ടീച്ചർ ഉൾക്കൊള്ളണമെന്നും ജയരാജൻ ആവർത്തിക്കുന്നു. ഞാൻ ഒരു ജനപ്രതിനിധിയല്ല. പക്ഷേ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി എന്ന നിലയിൽ സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി എന്തുകൊണ്ട് കൊടുത്തില്ല എന്ന കാര്യം അന്വേഷിച്ചു. അന്വേഷിച്ചപ്പോൾ കെട്ടിടനിർമ്മാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നാണ് മറുപടി കിട്ടിയത്. സ്വാഭാവികമായും അതു ക്രമവൽക്കരിക്കാനുള്ള നിർദേശമാണ് നഗരസഭയ്ക്ക് മുൻപാകെ വച്ചത്. അങ്ങനെയാണ് ജോയിന്റ് ഇൻസ്പെക്ഷൻ നടത്താൻ ആവശ്യപ്പെട്ടത്. അതിന് ശേഷവും കാലതാമസം വന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ദാരുണമായ അന്ത്യമുണ്ടായത്. അതിൽ അങ്ങേയറ്റം ദു:ഖമുണ്ട്. തന്റെ ഇടപെടലുകളിൽ പാർട്ടിക്ക് അസംതൃപ്തിയുണ്ടാകേണ്ട കാര്യമില്ല. കാരണം പാർട്ടി പ്രവർത്തകനെ നിലയിൽ പാർട്ടി നടത്തുന്ന പ്രവർത്തനത്തിലാണ് താൻ ഇടപെടുന്നത്. പാർട്ടിക്ക് അതീതമായല്ല. പാർട്ടിക്ക് വിധേയമായ പ്രവർത്തനങ്ങളാണ് താൻ നടത്തുന്നത്. ശത്രുക്കൾക്കെതിരായ ഉറച്ചനിലപാട് സ്വീകരിക്കുന്നതിലൂടെ പാർട്ടി ബന്ധുക്കൾക്കിടയിൽ നല്ല പ്രതികരണത്തിന് ഇടയാക്കുന്നുണ്ടെന്നും ജയരാജൻ പറയുന്നു.
സാജന്റെ പാർത്ഥ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ ചെയർപേഴ്സന് വീഴ്ചയുണ്ടായിട്ടുണ്ട് നേരത്തെ നടന്ന പൊതുയോഗത്തിൽ ജയരാജൻ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇക്കാര്യം തള്ളി. സംസ്ഥാന കമ്മിറ്റിയിൽ പി.കെ ശ്യാമളയുടെ ഭാഗത്തു തെറ്റില്ലെന്ന അഭിപ്രായം ഉയർന്നുവന്നപ്പോൾ, പൊതുയോഗത്തിൽ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന് വിമർശിച്ച പി. ജയരാജനെ ന്യായീകരിക്കാനോ അനുകൂലിക്കാനോ കണ്ണൂരിലെ നേതാക്കൾപോലും മുന്നോട്ടു വന്നിട്ടില്ല. ഇതിനോട് ജില്ലാ കമ്മിറ്രി യോഗത്തിൽ ജയരാജൻ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. കൂടാതെ 'പി.ജെ. ബ്രിഗേഡ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉയർന്നുവരുന്ന ചർച്ചകളും നാളത്തെ യോഗത്തെ കലുഷിതമാക്കിയേക്കും. ശ്യാമളയെ പരസ്യമായി വിമർശിച്ച നടപടി ജയരാജൻ ഒഴിവാക്കേണ്ടതാണെന്നാണ് സംസ്ഥാന കമ്മിറ്റിയിലെ അഭിപ്രായം.