SignIn
Kerala Kaumudi Online
Wednesday, 27 January 2021 7.11 AM IST

സി.ഒ.ടി നസീർ വധശ്രമം: കുരുക്ക് മുറുകി, ഷംസീർ എം.എൽ.എയെ ചോദ്യം ചെയ്യും, കേസ് അവസാനിപ്പിക്കാനും നീക്കം

cot-naseer

കണ്ണൂർ: ഏറെ വിവാദമായ സി.ഒ.ടി നസീർ വധശ്രമക്കേസ് അന്വേഷണത്തിലെ മെല്ലേപോക്ക് പ്രതിഷേധത്തിനിടയാക്കുന്നു. ജനപ്രതിനിധിക്ക് സംഭവത്തിൽ പങ്കുണ്ടെന്ന സംശയം ഇത് ബലപ്പെടുത്തുന്നുവെന്നാണ് ആരോപണം. കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തിയെങ്കിലും സംഭവസമയത്ത് ആക്രമിക്കപ്പെട്ട സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണ സംഘത്തിന് മേൽ കുരുക്ക് വീണതെന്നാണ് പറയപ്പെടുന്നത്.

ഇതോടെ കേസ് മുന്നോട്ട് പോകാത്ത അവസ്ഥയിലായെന്നും പറയുന്നു. അറിയപ്പെടുന്ന ഒരു നേതാവിന്റെ കാറാണ് ഇതെന്നാണ് പറയപ്പെടുന്നത്. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കാനുള്ള നിർദ്ദേശം പൊലീസിന് ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ തുടരുന്ന കാവുംഭാഗം ചെറിയാണ്ടി വീട്ടിൽ മൊയ്തു എന്ന സി. മിഥുൻ കൂടി പിടിയിലായാൽ അന്വേഷണം അവസാനിക്കാനാണ് ആലോചനയെന്നാണ് അറിയുന്നത്. മിഥുൻ ചെന്നൈ കോയമ്പത്തൂർ ഹൈവേയിൽ വാഹനം തടഞ്ഞു നിർത്തി പണം അടിച്ച് മാറ്റുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

കീഴടങ്ങിയാൽ വേറെയും കേസുകളിൽ കുടുങ്ങുമത്രെ. ഇതിനിടെ, മുൻ സി.പി.എം പ്രവർത്തകനായ നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തവർ ചില്ലറക്കാരല്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. പൊന്ന്യം കുണ്ടുചിറയിലെ പൊട്ടി സന്തോഷ്, സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി കതിരൂർ പുല്യോട്ടെ എൻ.കെ. നിവാസിൽ എൻ.കെ.രാഗേഷ്, കൊളശ്ശേരിയിലെ കുന്നി നേരിമീത്തൽ വിപിൻ എന്ന ബ്രിട്ടോ, കൊളശ്ശേരിയിലെ മുക്കാളി മീത്തൽ വീട്ടിൽ ജിതേഷ് എന്ന ജിത്തു, കാവുംഭാഗത്തെ മൊയ്തു എന്ന മിഥുൻ എന്നിവരാണ് പങ്കു വഹിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

ഇതിൽ രാഗേഷ് എ.എൻ. ഷംസീർ എം.എൽ.എയുടെ സന്തത സഹചാരിയാണ്. തന്നെ ആക്രമിച്ചതിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നായിരുന്നു നസീറിന്റെ ആരോപണം. ഇപ്പോൾ കസ്റ്റഡിയിലുള്ള ബ്രിട്ടോവിനെയും ജിത്തുവിനെയും ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങൾ ഉറപ്പിക്കാൻ ഇരുവരെയും കൂട്ടി കൊളശ്ശേരിയിലെ വീട്ടിലും കോഴിക്കടയിലും കുണ്ടുചിറ അണക്കെട്ടിനടുത്തും എത്തിച്ചുവെങ്കിലും തെളിവുകൾ കണ്ടെടുക്കാനായില്ല. നസീറിനെ ആക്രമിക്കാൻ നിർദ്ദേശം നൽകിയ മൊബൈൽ ഫോൺ പൊട്ടിച്ചെറിഞ്ഞത് കുണ്ടു ചിറയിലെ അണക്കെട്ടിലാണെന്ന് ബ്രിട്ടോയും ജിത്തുവും വെളിപ്പെടുത്തിയിരുന്നു.

സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബ്രിട്ടോവിന് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കിടയിൽ കോഴിക്കോട് കൊടുവള്ളിക്കാരുടെ കടത്ത് സ്വർണ്ണം തട്ടിപ്പറിച്ച സംഭവത്തിൽ ബ്രിട്ടോയുമുണ്ടായതായി പറയപ്പെടുന്നു. പരാതി ഇല്ലാത്തതിനാൽ കൂടുതൽ അന്വേഷണം നടന്നിട്ടില്ലെന്നാണ് തലശ്ശേരി പൊലീസിന് ലഭിച്ച വിവരം.

ഈ ഇടപാടിൽ ഇയാൾക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചതായും സൂചനയുണ്ട്. ബ്രിട്ടോയുടെ ഉറ്റ ചങ്ങാതിയാണ് പൊലീസ് തിരയുന്ന മൊയ്തു എന്ന മിഥുൻ . തമിഴ്‌നാട് കോയമ്പത്തൂർ ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞ് കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധപ്പെട്ടാണ് മൊയ്തുവിന്റെ പ്രവർത്തനമെന്നും വിവരം ലഭിച്ചു.തമിഴ്‌നാട് പൊലീസ് തിരയുന്നതിനാലാണ് ഇയാൾ തലശ്ശേരി പൊലീസിന് പിടി നൽകാത്തതത്രെ. നസീറിനെ അടിച്ചു ഭയപ്പെടുത്താൻ മാത്രമാണ് ഗൂഢാലോചനക്കാർ നിർദ്ദേശിച്ചതത്രെ. എന്നാൽ ഉപകരാർ ഏറ്റെടുത്തവർ ആയുധങ്ങളോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COT NASEER, MURDER ATTEMPT, CCTV
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.