ഭുവനേശ്വർ: ആഗോള വിപണിയിൽ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം മോഷണം പോയി. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമിൽ നിന്നാണ് മാമ്പഴം മോഷണം പോയത്. വിളവെടുക്കാൻ പാകമായ മാമ്പഴത്തിന്റെ ചിത്രം ഫാം ഉടമയായ ലക്ഷ്മി നാരായണൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം നടന്നത്.
38 ഇനം മാമ്പഴങ്ങളാണ് ലക്ഷ്മി നാരായണൻ കൃഷി ചെയ്യുന്നത്. അസാധാരണമായ വിലയുള്ള മാമ്പഴം പാകമായത് കണ്ടപ്പോഴുണ്ടായ സന്തോഷവും അഭിമാനവും കൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചതെന്ന് ലക്ഷ്മി നാരായണൻ പറയുന്നു. എന്നാൽ പോസ്റ്റിട്ട് ഒരു ദിവസം പോലും തികയും മുമ്പ് മാമ്പഴം മോഷണം പോവുകയായിരുന്നു. ഇപ്പോൾ തങ്ങളുടെ കൃഷിയിടങ്ങളിലും മോഷണം നടക്കുമോ എന്ന ആശങ്കയിലാണ് ഗ്രാമത്തിലെ മറ്റ് കർഷകർ.
ലോകത്തിലെ ഏറ്റവും വിലകൂടിയ ജപ്പാനിലെ മിയാസാക്കി ഇനത്തിൽപ്പെട്ട മാങ്ങ അടുത്തിടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇടംനേടിയത്. ഒരൊറ്റ മാമ്പഴത്തിന് 40,000 രൂപ എന്നതായിരുന്നു ഇതിനെ ശ്രദ്ധേയമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ഈ മാങ്ങ രുചിയുടെ കാര്യത്തിലും രാജാവ് തന്നെയാണ്. 'എഗ് ഒഫ് ദ സൺ' എന്നും ഈ മാങ്ങയ്ക്ക് വിളിപ്പേരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |