മാറക്കാന: കോപ്പ അമേരിക്ക കിരീടത്തിൽ വീണ്ടും ബ്രസീലിയൻ മുത്തം. ഇന്നലെ പുലർച്ചെ നടന്ന ഫൈനലിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് കാനറികൾ കോപ്പ കിരീടം കൊത്തിയെടുത്തത്. ഇത് ഒമ്പതാം തവണയാണ് ബ്രസീൽ കോപ്പ കിരീടം സ്വന്തമാക്കുന്നത്. സ്വന്തം മണ്ണിൽ അഞ്ചാം തവണയാണ് ബ്രസീലിന്റെ കിരീട നേട്ടം. എവർട്ടൺ, ഗബ്രിയേൽ ജീസസ് പെനാൽറ്റിയിലൂടെ റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. പൗലോ ഗുരേര പെനാൽറ്റിയിലൂടെ പെറുവിനയി ഒരു ഗോൾ മടക്കി. അറുപത്തൊമ്പതാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട പ്ലേമേക്കർ ജീസസ് മാർച്ചിംഗ് ഓർഡർ വാങ്ങി പുറത്തു പോയതിനെ തുടർന്ന് പത്തു പേരായി ചുരുങ്ങിയെങ്കിലും മാറക്കാനയിൽ ഉയർന്ന പ്രാർത്ഥനകൾ വിഫലമായില്ല. ഗാലറിയൽ ആർത്തലച്ച എഴുപതിനായിരത്തോളം കാണികൾ പകർന്നു കൊടുത്ത ഊർജ്ജം കാലുകളിൽ ആവാഹിച്ച് പതറാതെ പോരാടിയ മഞ്ഞപ്പട പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കോപ്പ കിരീടത്തിന് അവകാശികളാവുകയായിരുന്നു. കലാശപ്പോരിൽ കാലിടറിയെങ്കിലും തലയുയർത്തി തന്നെയാണ് പെറു മടങ്ങുന്നത്. ആദ്യ റൗണ്ടിൽ ബ്രസീലിനോട് 5-0 ത്തിന് തോറ്റതിന്റെ പരിഭ്രമമൊന്നും പ്രകടിപ്പിക്കാതെ ഫൈനലിൽ പതറാതെ പോരാടിയ റിക്കാർഡോ ഗരേക്കയുടെ കുട്ടികൾ ടൂർണമെന്റിൽ നിശ്ചത സമയത്ത് ബ്രസീലിന്റെ വലയിൽ പന്തെത്തിച്ച ആദ്യ ടീമെന്ന ഖ്യാതിയുമായാണ് മടങ്ങിയത്.
മഞ്ഞക്കടലിരമ്പം
മത്സരത്തിൽ ബാൾ പൊസഷനിലും പാസിംഗിലും ഉതിർത്ത ഷോട്ടുകളിലും ബ്രസീൽ തന്നെയായിരുന്നു മുൻപന്തിയിൽ. ഫിർമിനോയെ മുന്നിൽ നിറുത്തി 4-2-3-1 ശൈലിയിൽ ടിറ്റെ ബ്രസീലിനെ കളിക്കളത്തിൽ വിന്യസിച്ചപ്പോൾ ഗുരേരയെ മുന്നിൽ നിറുത്തി ഇതേ ഫോർമേഷനിൽ തന്നെയാണ് ഗരാക്കോ പെറുവിനെയും കളത്തിലിറക്കിയത്.
മധ്യനിരയിൽ എവർട്ടണും ആർതറും ജീസസും കുട്ടീഞ്ഞോയുമെല്ലാം ചെറിയ പാസുകളും പെട്ടെന്നുള്ള ആക്രമണങ്ങളുമായി പെറുവിന്റെ ഗോൾ മുഖത്ത് നിരന്തരം സമ്മർദ്ദം സൃഷ്ടിച്ചു കൊണ്ടിരുന്നു. മറുവശത്ത് പെറുവും കുയേവയുടെയും ഗുരേരയുടെയുമെല്ലാം നേതൃത്വത്തിൽ വീണു കിട്ടിയ അവസരങ്ങളിൽ ബ്രസീൽ ഗോൾ മുഖത്തേക്ക് മിന്നലാക്രമണം നടത്തിയെങ്കിലും അൽവസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയുടെയും ഗോൾ കീപ്പർ അലിസണിന്റെയും ജാഗ്രത ആതിഥേയർക്ക് തുണയാവുകയാായിരുന്നു.
ഗോൾ, ഗോൾ, ഗോൾ
15 മിനിറ്റ്: എവർട്ടണിലൂടെ ബ്രസീൽ ലീഡ് നേടുന്നു. മധ്യനിരയിൽ നിന്ന് നീട്ടിക്കിട്ടിയ പന്ത് വരുതിയിലാക്കി വലതു വിംഗിൽ രണ്ട് പെറു ഡിഫൻഡർമാരെ വിദഗ്ദ്ധമായി കബളിപ്പിച്ച് ജീസസ് നൽകിയ ക്രോസ് ഗോൾ പോസ്റ്റിനരികെ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന എവർട്ടൺ കൃത്യമായി ടാപ്പ് ചെയ്ത് ഗോളാക്കുകയായിരുന്നു.
45-ാം മിനിറ്റ്: പെറുവിന് സമനില. ബ്രസീലിയൻ ഗോൾ മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ കുയേവയുടെ ലോ ക്രോസ് തടയുന്നതിനിടെ വീണുപോയ തിയാഗോ സിൽവയുടെ കൈയിൽ പന്ത് കൊണ്ടതിനാണ് റഫറി പെറുവിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. വാറിന്റെ സഹായത്തോടെയാണ് റഫറി പെനാൽറ്റി ഉറപ്പിച്ചത്. കിക്കെടുത്ത ഗുരേരോ വലത്തോട്ട് ചാടിയ അലിസണെ പറ്റിച്ച് പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് പന്തടിച്ചിട്ടു.
45+3: ബ്രസീലിന് വീണ്ടും ലീഡ്. മധ്യനിരയിൽ നിന്ന് പന്തുമായെത്തിയ ആർതർ മൂന്ന് പെറു താരങ്ങൾക്കിടയിലൂടെ പെനാൽറ്രി ബോക്സിനരികിൽ വച്ച് മറിച്ച് നൽകിയ പന്ത് തടയാനെത്തിയ പെറു ഡിഫൻഡർമാരെയും ഗോളിയേയും നിഷ്പ്രഭമാക്കി വലങ്കാലൻ ഗ്രൗണ്ടറിലൂടെ ജീസസ് വലയുടെ വലതു മൂലയിലെത്തിക്കുകയായിരുന്നു.
90-ാം മിനിറ്റ് : പന്തുമായി പെറു ബോക്സിലേക്ക് പാഞ്ഞെത്തിയ എവർട്ടണിനെ ഫൗൾ ചെയ്തതിന് ബ്രസീലിനനുകൂലമായി വാറിൽ നോക്കി ഒന്നുകൂടി ഉറപ്പിച്ച് റഫറി പെനാൽറ്രി വിധിച്ചു. കിക്കെടുത്ത 77-ാം മിനിറ്രിൽ ഫിർമിനോയ്ക്ക് പകരക്കാരനായിറങ്ങിയ റിച്ചാർലിസൺ പന്ത് കൃത്യമായി വലയിലാക്കി.
5-തവണ ആതിഥേയത്വം വഹിച്ചപ്പോഴും ബ്രസീലിന് കോപ്പ കിരീടം സ്വന്തമാക്കാനായി.
9-ാം തവണയാണ് ബ്രസീൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരാകുന്നത്. ഇതിന് മുമ്പ് ചാമ്പ്യൻമാരായത് 2007ൽ.