SignIn
Kerala Kaumudi Online
Sunday, 24 January 2021 3.04 PM IST

ഗേറ്റ് കടന്ന് ചെല്ലുമ്പോൾ കിട്ടുക സൈക്കിൾ ചെയിൻ കൊണ്ടുള്ള അടി: യൂണിവേഴ്സിറ്റി കോളേജിൽ പൊലീസിന്റെ അടി കിട്ടാതെ രക്ഷപെട്ട കഥപറഞ്ഞ് ബാലചന്ദ്ര മേനോൻ

balachandra-menon

ഏവർക്കും തന്റെ കലാലയ ജീവിതത്തെ കുറിച്ച് പറയാൻ മധുരമുള്ള ചില ഓർമ്മകൾ കാണും. എന്നാൽ കലാപ കലുഷിതമായ ഒരു കോളേജ് കാലത്തെക്കുറിച്ചാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഓർക്കാനുള്ളത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയും കോളേജ് യൂണിയൻ ചെയർമാനായിരുന്ന അദ്ദേഹം താൻ പോലീസിന്റെ തല്ല് കൊള്ളാതെ രക്ഷപെട്ട കഥയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വച്ചത്. തന്റെ യൂട്യൂബ് ചാനലായ 'ഫിൽമി ഫ്രൈഡേയ്‌സി'ലൂടെ പുറത്തിറങ്ങുന്ന വീഡിയോയുടെ മൂന്നോടിയായാണ് ബാലചന്ദ്രമേനോൻ ഈ കുറിപ്പ് പങ്കുവച്ചത്.

അന്നത്തെ കോളേജിന്റെ അവസ്ഥ ഇന്ന് നടന്ന സംഭവവുമായി തട്ടിച്ച് നോക്കുമ്പോൾ ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവ് ഇ.എംഎസ് നമ്പൂതിരിപ്പാട് കോളേജിൽ എത്തിയതും തുടർന്ന് കോളേജിൽ നടന്ന സംഭവങ്ങളുമാണ് ബാലചന്ദ്രമേനോൻ ഓർക്കുന്നത്. സംഘർഷത്തിനിടെ കലാലയത്തിൽ കയറി കൂടിയ പൊലീസിന്റെ അടി കൊള്ളാതെ താൻ രക്ഷപ്പെട്ടതും പൊലീസിന്റെ അടി കൊള്ളാത്ത ആദ്യ കോളേജ് യൂണിയൻ ചെയർമാനായി താൻ മാറിയ കഥയും ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ ഓർമകളും ഇന്ന് നടന്ന സംഭവങ്ങളും തമ്മിൽ തട്ടിച്ച് നോക്കുമ്പോഴാണ് അന്നത്തേതിൽ നിന്നും സ്ഥിതിഗതികൾ എത്രത്തോളം മോശമായെന്ന് മനസ്സിലാകുക.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

'വരുന്ന വെള്ളിയാഴ്ച "filmy Fridays"ൽ ഞാൻ പരാമർശിക്കുന്നത് എന്റെ യൂണിവേഴ്സിറ്റി കോളേജ് ജീവിതമാണ് ...
മുൻ രാഷ്ട്രപതി കെ ആർ നാരായണൻ അടക്കം എത്രയോ പ്രതിഭകളെ വാർത്തെടുത്ത ആ കലാലയത്തിൽ പഠിക്കാനും അവിടുത്തെ ചെയർമാനായി 'വിലസുവാനും' എനിക്ക് കിട്ടിയ അവസരം ഒരു ഭാഗ്യമായെ ഞാൻ കാണുന്നുള്ളൂ .
എന്നാൽ ആ കോളേജിലെ രാഷ്ട്രീയത്തിന് ഒരു അപകടസൂചന കൂടിയുണ്ട് എന്ന് കൂടി കൂട്ടി വായിക്കണം .രാവിലെ കുളിച്ചു പരീക്ഷ എഴുതാൻ ചെല്ലുന്ന ഒരു കോളേജ് യൂണിയൻ ഭാരവാഹി കോളേജ് ഗേറ്റു കടക്കുമ്പോൾ എതിരേൽക്കുന്നതു ഓർക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിൾ ചെയിൻ കൊണ്ടുള്ള ഇരുട്ടടി ആയിരിക്കും . അതിന്റെ കാരണം അറിയുന്നത് വൈകുന്നേരമായിരിക്കും .അതാവട്ടെ തലേ ദിവസം കാസർഗോഡ് കോളേജിൽ നടന്ന ഒരു കുടിപ്പകയുടെ പകരം വീട്ടലായിരിക്കും . എങ്ങനുണ്ട്?

എന്നാൽ സത്യം പറയട്ടെ , എനിക്ക് അങ്ങിനെ ഒരു പീഡനം ഉണ്ടാകാഞ്ഞതും ഭാഗ്യമെന്നേ പറയേണ്ടു... പക്ഷെ എന്നിൽ ഒരു ആജ്ഞാശ്ശക്തി അന്തര്ലീനമായിട്ടുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞതും യൂണിവേഴ്സിറ്റി കോളേജിൽ വെച്ചാണ് . നമുക്ക് നേരെ ചീറിപ്പാഞ്ഞു വരുന്ന ഒരു ആനയെ നോക്കി സർവ്വ ശക്തിയും സമാഹരിച്ചു ആക്രോശിച്ചാൽ ആന വിരണ്ടു നില്കുന്നത് ഞാൻ പിന്നീട് പല വീഡിയോയിലും കണ്ടിട്ടുണ്ട് . ഞാൻ ചെയർമാൻ ആയിരിക്കെ നടന്ന ഒരു ചടങ്ങിൽ സഖാവ്
ഇ .എം .എസ് ആയിരുന്നു മുഖ്യാതിഥി .ഒരു പക്ഷെ ഞാൻ ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരു വേദി അദ്ദേഹവുമായി പങ്കിട്ട ഒരേ ഒരു സന്ദർഭവും അതായിരിക്കണം .

മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞുകഴിഞ്ഞപ്പോൾ ആവശ്യമില്ലാതെ ഒരു ക്രമാസമാധാന പ്രശ്നമുണ്ടായി . അത്യാവശ്യം കല്ലേറും ഉന്തും തല്ലും ഒക്കെ ചേർന്ന ഒരു മസാല . പുറത്തു നിന്നിരുന്ന പോലീസുകാർ കൂടി ആയപ്പോൾ സംഗതി കുശാലായി . കോളേജിന്റെ ഒരു അടഞ്ഞ ബാൽക്കണിയിൽ നിന്ന എന്നെ ലാക്കാക്കി ഒരു ഭീമാകാരൻ പോലീസ് ചീറിപ്പാഞ്ഞു വരുന്നത് ഞാൻ കണ്ടു . എന്നാൽ എനിക്കെങ്ങോട്ടും ചാടിപ്പോകാനാവില്ല . ഭിത്തിയോട് ചേർന്ന് നിൽക്കാനേ കഴിയുള്ളൂ .അടി ഉറപ്പു തന്നെ . ചെയർമാനായാലും അടി കൊണ്ടാൽ നോവുമല്ലോ .ആ നിമിഷം എന്നിലും ഒരു ആവേശം നിറഞ്ഞു എന്നാലാവുന്ന തരത്തിൽ ഞാൻ അലറി വിളിച്ചു :
"എന്നെ തൊട്ടു പോകരുത്...."
ആ ഗർജ്ജനത്തിനു മുന്നിൽ പോലീസുകാരന്റെ ലാത്തി അറിയാതെ താണത് എങ്ങിനെ എന്ന് എനിക്കും ഇന്നും വിശ്വാസം വരുന്നില്ല . പക്ഷെ കാക്കിക്കുള്ളിലെ ആ മനുഷ്യ സ്നേഹിയെ ഇപ്പോൾ നന്ദിപൂർവ്വം ഓർക്കാതെ വയ്യ .മരിച്ചു പോയ എന്റെ സഹപാഠി ലെനിൻ രാജേന്ദ്രൻ ആ സംഭവത്തെപ്പറ്റി തമാശയായി പറഞ്ഞു പരത്തിയത് എനിക്കോർമ്മയുണ്ട് ...

"യൂണിവേഴ്സിറ്റി കോളേജിലെ ചെയർമാൻ ആയിരുന്നിട്ടു പോലീസിന്റെ ഒരു തല്ലു പോലും കൊള്ളാതെ രക്ഷപെട്ട ഒരാൾ ബാലചന്ദ്ര മേനോൻ മാത്രമായിരിക്കും . ഞാൻ ഇപ്പോഴും കരുതുന്നത് അടിക്കാൻ വന്ന പൊലീസിന് വേണ്ടി ഒന്നുകിൽ മേനോൻ ഒരുപാട്ടു പാടി കാണും ; അല്ലെങ്കിൽ ഒരു മിമിക്രി കാണിച്ചു കാണും . ആ ഗ്യാപ്പിൽ അടികൊള്ളാതെ രക്ഷപെട്ടുക്കാണും "

WELCOME TO UNIVERSITY COLLEGE !

that's ALL your honour.......'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BALACHANDRA MENON, DIRECTOR BALACHANDRA MENON, UNIVERSITY COLLEGE, STUDENT STABBED
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.