SignIn
Kerala Kaumudi Online
Friday, 13 December 2019 1.37 PM IST

സെൻകുമാറിന്റേത് മൈതാനപ്പുറങ്ങളിലെ വർഗീയത പുലമ്പൽ, കണക്കുകൾ പൊളിച്ചടുക്കി തോമസ് ഐസക്

senkumar

തിരുവനന്തപുരം: കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്ന മുൻ ഡി.ജി.പി സെൻകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് രംഗത്തെത്തിയത്. ജനസംഖ്യാക്കണക്കുകളെ വികലമായി വ്യാഖ്യാനിച്ച് ടി.പി. സെൻകുമാർ നടത്തുന്ന വർഗീയവിദ്വേഷ പ്രചരണം എത്രമാത്രം അസംബന്ധമാണെന്ന് കണക്കുകൾ ഉദ്ധരിച്ച് നെബൂ ജോൺ എബ്രഹാം സമർത്ഥിച്ചിരുന്നു. അതിനോട് സെൻകുമാറിന്റെ പ്രതികരണം ഇതുവരെ വായിക്കാൻ കഴിഞ്ഞില്ലെന്ന് തോമസ് ഐസക് പറഞ്ഞു.

സെൻകുമാറിന്റെ മറുപടിക്കായി കൗതുകപൂർവം കാത്തിരിക്കുകയായിരുന്നു ഞാൻ. കേരളത്തിലെ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതുമൂലം അവർ ന്യൂനപക്ഷമായിത്തീരും എന്നത് കുറച്ചു നാളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു നുണയാണെന്നും തോമസ് ഐസക് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണപൂപം

ജനസംഖ്യാക്കണക്കുകളെ വികലമായി വ്യാഖ്യാനിച്ച് ടി.പി. സെൻകുമാർ നടത്തുന്ന വർഗീയവിദ്വേഷ പ്രചരണം എത്രമാത്രം അസംബന്ധമാണെന്ന് കണക്കുകൾ ഉദ്ധരിച്ച് നെബൂ ജോൺ എബ്രഹാം (Nebu John Abraham) സമർത്ഥിച്ചിരുന്നു. അതിനോട് സെൻകുമാറിന്റെ പ്രതികരണം ഇതുവരെ വായിക്കാൻ കഴിഞ്ഞില്ല. സെൻകുമാറിന്റെ മറുപടിക്കായി കൗതുകപൂർവം കാത്തിരിക്കുകയായിരുന്നു ഞാൻ.

കേരളത്തിലെ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതുമൂലം അവർ ന്യൂനപക്ഷമായിത്തീരും എന്നത് കുറച്ചു നാളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു നുണയാണ്. ‘ഇങ്ങനെ പോയാൽ ബാലഗോകുലത്തിനൊക്കെ യു.പി.യിൽ നിന്നും കുട്ടികളെ കൊണ്ടുവരേണ്ടി വരും’ എന്നാണ് സെൻകുമാർ രോഷം കൊണ്ടത്. ഇത് വർഗീയത പുലമ്പലാണ് എന്ന വിമർശനം അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. ‘സത്യം ആരും അറിയരുത്. അറിയിക്കുന്നവൻ വർഗീയൻ’ എന്നൊക്കെ ആക്രോശിക്കുന്നു. എന്നിട്ട് കേരള സർക്കാരിന്റെ ‘വിറ്റാൾ സ്റ്റാറ്റസ്റ്റിക്സ്’ (അക്ഷരത്തെറ്റായിരിക്കും – വൈറ്റൽ സ്റ്റാറ്റസ്റ്റിക്സ് ആണ്) പ്രസിദ്ധീകരണത്തിൽ നിന്ന് ജനനനിരക്ക് തെളിവായി വിവരിക്കുകയാണ്.

സെൻകുമാർ പറയുന്ന കണക്ക് തെറ്റാണ്. 2011-ലെ സെൻസെസ് പ്രകാരം ഹിന്ദുക്കളുടെ ജനസംഖ്യ കേരളത്തിലെ ജനസംഖ്യയുടെ 54% ആണെന്നത് ശരി. പക്ഷേ അവരുടെ ജനന നിരക്ക് സെൻകുമാർ പറയുന്നതുപോലെ 41% അല്ല. ഒരുപക്ഷേ, ജനിക്കുന്ന കുട്ടികളിൽ ഹിന്ദുക്കളുടെ വിഹിതമായിരിക്കാം ഉദ്ദേശിക്കുന്നത്. പക്ഷേ അത് 41 ശതമാനം അല്ല 42.87 ശതമാനമാണ്. മുസ്ലീങ്ങളുടേയും 41.45 ശതമാനവും ക്രിസ്ത്യാനികളുടേത് 15.42 ശതമാനവും മറ്റുള്ളവരുടേത് 0.18 ശതമാനവുമാണ്.

..‘ഈ രീതിയിൽ കുറയുമ്പോൾ കുട്ടികൾ വീണ്ടും കുറഞ്ഞു വരും. ഈ സത്യം പറഞ്ഞാലെങ്ങനെ വർഗീയമാകും? തങ്ങൾക്കു എന്തു സംഭവിക്കുന്നെന്നു ഹിന്ദുക്കളും അറിയേണ്ടതുണ്ട്’.. എന്നൊക്കെയാണ് അദ്ദേഹം പുലമ്പുന്നത്.

ഈ മേൽപ്പറഞ്ഞ വർഗീയവാദത്തിന് നെബു നൽകിയ മറുപടി പരിപൂർണമായി ശരിയാണ്. ജനനനിരക്ക് (birth rate) എന്ന് പറഞ്ഞാൽ 1000 പേർക്ക് എത്ര കുട്ടികൾ ഇന്ന് ജനിക്കുന്നു എന്നുള്ളതാണ്. ഇതുവെച്ച് മാത്രം നാളത്തെ ജനസംഖ്യ എത്രയായിരിക്കും എന്ന് ഗണിക്കാൻ പാടില്ല. കാരണം നാളെ ജനനനിരക്ക് കുറയാമല്ലോ. അതുകൊണ്ട് പ്രജനന നിരക്കാണ് (fertility rate) ഭാവിജനസംഖ്യാമാറ്റത്തെ കണക്കാക്കാൻ ഉപയോഗിക്കുന്നത്. പ്രജനന നിരക്ക് എന്നാൽ പ്രത്യുല്പാദന പ്രായത്തിലുള്ള അതായത് 14-49 വയസ്സുള്ള സ്ത്രീകൾക്ക് എത്ര കുഞ്ഞുങ്ങൾ ജനിക്കാം എന്നുള്ളതാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ ഫലങ്ങളിൽ ഇതു സംബന്ധിച്ച കണക്കുകൾ ലഭ്യമാണ്.

1992-93 കാലത്തായിരുന്നു ആദ്യസർവേ. തുടർന്ന് 1998-99-ലും 2005-06-ലും 2015-16-ലും മൂന്ന് സർവേകളുടെ ഫലം കൂടി ലഭ്യമാണ്. അതുപ്രകാരം ഹിന്ദുക്കളുടെ പ്രജനന നിരക്ക് 1992-93-ലും 2015-16-നുമിടയ്ക്ക് 1.66-ൽ നിന്ന് 1.42 ആയി കുറഞ്ഞു. ക്രിസ്ത്യാനികളുടേതാവട്ടെ 1.78-ൽ നിന്ന് 1.51 ആയി കുറഞ്ഞു. മുസ്ലീങ്ങളുടേത് 2.97-ൽ നിന്ന് 1.86 ആയി കുറഞ്ഞു. മുസ്ലീം സ്ത്രീകളുടെ പ്രജനന നിരക്കായിരുന്നു ഏറ്റവും ഉയർന്നത്. എന്നാൽ അതിന്ന് ഏറ്റവും വേഗതയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു സമുദായത്തിന്റേയും പ്രജനന നിരക്ക് ഇന്ന് replacement level ആയ 2.0ന് മുകളിലല്ല. ഇതാണ് യാഥാർഥ്യം.

എന്താണ് ജനന നിരക്കിനേയും പ്രജനന നിരക്കിനേയും നിർണയിക്കുന്നത്? പല ഘടകങ്ങളുണ്ടാകാം. ഇന്ത്യയിലെ വിവിധ ജില്ലകളിലെ ജനനനിരക്കിലെ അന്തരം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തപ്പോൾ കണ്ടത് സ്ത്രീകളുടെ സാക്ഷരതയാണ് ഏറ്റവും പ്രധാന ഘടകം എന്നതാണ്. ഇന്ത്യ മൊത്തത്തിൽ എടുത്താൽ മതം ഒരു പ്രധാനപ്പെട്ട ഘടകമേയല്ല. 40 വർഷം മുമ്പ് എംഫില്ലിന് പഠിച്ചിരുന്നപ്പോൾ ഇതു സംബന്ധിച്ച പ്രപന്ധം ഞങ്ങളുടെ നിർബന്ധിത വായനാലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു എന്ന് ഓർക്കുന്നു. എന്നു മാത്രമല്ല കേരളത്തിൽ ഏറ്റവും താഴ്ന്ന ജനന/പ്രജനന നിരക്ക് ക്രിസ്ത്യാനികൾക്ക് പ്രാമുഖ്യം ഉള്ള കോട്ടയം ജില്ല ആയിരുന്നു.

ജനസംഖ്യാവളർച്ചയുടെ കാനേഷുമാരി കണക്കെടുത്താൽ 1971-നും 2011-നും ഇടയിൽ ഏറ്റവും വേഗതയിൽ ജനസംഖ്യ വളർച്ചയിൽ കുറവുണ്ടായത് കൃസ്ത്യൻ സമൂഹത്തിലാണ്. കൃത്രിമ ജനനനിയന്ത്രണ മാർഗങ്ങളോടുള്ള ക്രിസ്ത്യൻ സഭയുടെ എതിർപ്പ് വളരെ പ്രസിദ്ധമാണല്ലോ. പക്ഷേ ഇതൊന്നും ജനസംഖ്യാപരിണാമത്തെ ബാധിച്ചിട്ടില്ല. ഇതൊക്കെയാണ് ശാസ്ത്രം. സെൻകുമാറിന്റെ പ്രസ്താവന മൈതാനപ്പുറങ്ങളിലെ വർഗീയത പുലമ്പൽ മാത്രമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SENKUMAR, DR THOMAS ISAAC, MINISTER FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.