മുംബയ്: ലോകപ്രശസ്ത ചോക്ലേറ്റ് നിർമ്മാതാക്കളായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി. സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഉത്പന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. തുടർന്ന് ക്ഷമാപണം നടത്തിയ ഹെർഷെ കമ്പനിയിൽ നിന്ന് ബന്ധപ്പെടുമെന്ന അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെയാണ് സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയ വിവരം പ്രാമി ശ്രീധർ അറിയിച്ചത്. നിങ്ങൾ എല്ലാവരും കണ്ണുതുറന്ന് കാണണമെന്ന അഭ്യർഥനയോടെയാണ് അവർ ചിത്രം പങ്കുവെച്ചത്. സ്പൂണിൽ സിറപ്പെടുത്ത് ഒഴിച്ചപ്പോൾ എലിയുടെ രോമങ്ങൾ അതിൽ ഉണ്ടായിരുന്ന കാര്യവും പ്രാമി ശ്രീധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബ്രൗണി കുക്കീസിനൊപ്പം ഉപയോഗിക്കുന്നതിനാണ് ഹെർഷെയുടെ സിറപ്പ് വാങ്ങിയത്. സീൽ തുറന്ന് സിറപ്പൊഴിച്ചപ്പോൾ അതിൽ എലിയുടെ രോമങ്ങൾ കണ്ടു. തുടർന്ന് ഡിസ്പോസിബിൾ ഗ്ലാസിലേക്ക് സിറപ്പ് മാറ്റിയപ്പോഴാണ് ചത്ത എലിയെ കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. സിറപ്പ് രുചിച്ചു നോക്കിയ രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പരാതിയറിയിക്കാൻ കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും അവർ പറഞ്ഞു.
ഇവരുടെ പോസ്റ്റ് വൈറലായതോടെ ഇക്കാര്യത്തിൽ പ്രതികരിച്ച് കമ്പനി രംഗത്തെത്തി. സംഭവത്തിൽ ക്ഷമാപണം നടത്തിയ ഹെർഷെ ബോട്ടിലിന്റെ മാനുഫാക്ചറിങ് കോഡ് കമ്പനിയുടെ ഇമെയിൽ ഐഡിയിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കമ്പനിയിൽ നിന്നും ബന്ധപ്പെടുമെന്ന അറിയിപ്പും ഹെർഷെ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |