മൂന്നാർ: 99ലെ വെള്ളപ്പൊക്കത്തിന്റെ ഓർമ്മകളും ചിത്രങ്ങളും പുതുതലമുറക്ക് പകർന്ന് നൽകാൻ ഫോട്ടോപ്രദർശനം ഒരുക്കുന്നു. മഴക്കാല തെയ്യവും അവതരിപ്പിക്കും. 1924ലെ മഹാപ്രളയത്തിന്റെ ഓർമ്മകൾ നൂറാം വർഷത്തിൽ എത്തുമ്പോഴാണ് മൂന്നാർ ജി.വി.എച്ച്.എസ്.എസ് ഓൾഡ് സറ്റുഡന്റ്സ് അസോസിയേഷൻ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. മൂന്നാർ എൻജിനിയറിംഗ് കോളജ്, ഫോക്ലോർ ഇന്റർനാഷണൽ സെന്റർ ഫോർ ഫോക്ലോർ ആന്റ് കൾച്ചറൽ എന്നിവയുടെ സഹകരണത്തോടെ 17, 18, 19 തിയതികളിൽ മൂന്നാർ എൻജിനിയറിംഗ് കോളജിലാണ് പരിപാടികൾ. പ്രദർശനം 17ന് രാവിലെ 10.30ന് ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചാമരാജ നഗർ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ഗംഗാധര മുഖ്യാതിഥിയാകും. എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ജോജു എം. ഐസക് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ആറിന് മൂന്നാർ ഗാന്ധി പ്രതിമക്ക് സമീപം 100പേർ ചേർന്ന് 100 ദീപങ്ങൾ തെളിയിക്കും. 18ന് രാവിലെ 10ന് എൻജിനിയറിംഗ് കോളജിൽ പ്രളയവുമായി ബന്ധപ്പെട്ട സെമിനാർ ആരംഭിക്കും. ഫോക്ലാന്റ് ചെയർമാൻ ഡോ. വി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും. പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ആന്റ് കൾച്ചർ ഡയറക്ടർ ഡോ. പ്രഗതി രാജ്കുമാർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് വിവിധ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് അതിജീവിച്ചവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ. 1924ലെ പ്രളയത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനവും നടക്കും. മൂന്നാർ ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. എൻ.എ. മനേഷ് പങ്കെടുക്കും. വൈകിട്ട് ആറിന് തെയ്യം അവതരിപ്പിക്കും. 19ന് രാവിലെ മൂന്നാറിന്റെ ഇന്നും 2030ലേക്കുള്ള മൂന്നാറും എന്ന വിഷയത്തിൽ പാനൽ ചർച്ച. ഉച്ചയ്ക്ക് രണ്ടിന് സമാപനസമ്മേളനം എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും ഉപന്യാസ മത്സരത്തിൽ വിജയകളായവർക്കും കെ.ഡി.എച്ച്.പി കമ്പനി വൈസ് പ്രസിഡന്റ് മോഹൻ വർഗീസ് സമ്മാനങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |