കൊച്ചി: നേരിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഗ്രാമങ്ങളിൽ ഇരുചക്ര വാഹനങ്ങളുടെ വില്പന ഉണരുന്നു. നടപ്പു വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ ഗ്രാമങ്ങളിൽ ഇരുചക്രവാഹനങ്ങളുടെ വില്പനയിൽ 60 ശതമാനം വരെ വർദ്ധനയുണ്ടായെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫഡാ) വ്യക്തമാക്കി. കാർഷിക മേഖലയിലെ ഉണർവ് മൂലം ഗ്രാമങ്ങളിൽ ഉപഭോഗം ഉയർന്നതാണ് പ്രധാനമായും വില്പന കൂടാൻ സഹായിച്ചത്. കാലവർഷം മെച്ചപ്പെട്ടതും ഗ്രാമീണ മേഖലകളിൽ സർക്കാർ കേന്ദ്രീകൃത പദ്ധതികളുടെ ഭാഗമായി കൂടുതൽ പണമെത്തിയതും വില്പന കൂടാൻ സഹായിച്ചു.
പൊതു തിരഞ്ഞെടുപ്പിന്റെ തിരക്കുകളും കടുത്ത ചൂടും മറികടന്ന് ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വില്പനയിൽ 12 ശതമാനം വളർച്ച നേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരുചക്ര വാഹന വിപണിയിൽ വളർച്ചയുണ്ടായെങ്കിലും മേയ് മാസത്തേക്കാൾ വില്പന താഴേക്ക് നീങ്ങി. പുതിയ മോഡലുകൾ പുറത്തിറക്കിയതും സാമ്പത്തിക മേഖലയിലെ ഉണർവും ടു വീലർ വില്പനയിൽ മികച്ച മുന്നേറ്റം നേടാൻ സഹായിച്ചു. ജൂണിൽ 13.76 ലക്ഷം യൂണിറ്റ് വാഹനങ്ങളുടെ വില്പനയാണ് ഇന്ത്യൻ വിപണിയിലുണ്ടായത്. മുൻവർഷം ഇക്കാലയളവിൽ വില്പന 13.14 ലക്ഷം യൂണിറ്റായിരുന്നു.
ഹീറോ കിതക്കുന്നു
കഴിഞ്ഞ മാസം രാജ്യത്തെ മുൻനിര ഇരു ചക്രവാഹന കമ്പനിയായ ഹീറോ മോട്ടോ കോർപ്പ് 3.97 ലക്ഷം ടു വീലറുകളാണ് വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ വില്പനയിൽ 30,000 യൂണിറ്റുകളുടെ ഇടിവുണ്ടായി. കഴിഞ്ഞ വർഷം ജൂണിൽ ഹീറോ മോട്ടോ കോർപ്പ് 4.27 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചിരുന്നു.
കുതിപ്പോടെ ഹോണ്ട മോട്ടോർ സൈക്കിൾ
ഹീറോ മോട്ടോ കോർപ്പിന്റെ വില്പനയിലുണ്ടായ ഇടിവിൽ മികച്ച നേട്ടമുണ്ടാക്കിയത് ഹോണ്ട മോട്ടോർ സൈക്കിളാണ്. കഴിഞ്ഞ മാസം ഹോണ്ട മോട്ടോർ സൈക്കിളിന്റെ ഇരു ചക്ര വാഹനങ്ങളുടെ വില്പന മുൻവർഷത്തെ 2.83 ലക്ഷം യൂണിറ്റിൽ നിന്ന് ജൂണിൽ 3.52 ലക്ഷം യൂണിറ്റായി കുതിച്ചു. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 21.56 ശതമാനത്തിൽ നിന്ന് 25.54 ശതമാനത്തിലേക്ക് ഉയർന്നു.
സ്ഥിരതയോടെ ടി. വി. എസ് മോട്ടോർ
ജൂണിൽ രാജ്യത്തെ പ്രമുഖ ടു വീലർ നിർമ്മാതാക്കളായ ടി. വി.എസ് മോട്ടോറിന്റെ വാഹന വില്പനയിൽ നേരിയ വർദ്ധന ദൃശ്യമായി. കഴിഞ്ഞ മാസം 2.36 ലക്ഷം വാഹനങ്ങളാണ് ടി.വി.എസ് മോട്ടോർ വിറ്റഴിച്ചത്. മുൻവർഷം ജൂണിലെ വില്പന 2.27 ലക്ഷം യൂണിറ്റുകളായിരുന്നു. കഴിഞ്ഞ മാസം ഇന്ത്യൻ ടു. വീലർ വിപണിയിൽ ടി.വി.എസിന് 17.17 ശതമാനം വിപണി വിഹിതമാണുള്ളത്.
ബജാജ് ഓട്ടോ വില്പന കുറഞ്ഞു
ജൂണിൽ പ്രമുഖ ഇരുചക്രവാഹന കമ്പനിയായ ബജാജ് ഓട്ടോയുടെ വില്പന 1.56 ലക്ഷം യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ ബജാജ് ഓട്ടോ 1.63 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. കമ്പനിയുടെ വിപണി വിഹിതം ഈ കാലയളവിൽ 12.44 ശതമാനത്തിൽ നിന്നും 11.16 ശതമാനമായി കുറഞ്ഞു. വിപണിയിലെ മാറ്റങ്ങൾ ശരിയായ രീതിയിൽ മനസിലാക്കുന്നതിൽ വന്ന തിരിച്ചടിയാണ് കമ്പനിയുടെ വില്പനയെ പ്രതികൂലമായി ബാധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |