ന്യൂഡൽഹി: ആൾനാശവും നാശനഷ്‌ടവും കണക്കിലെടുത്ത് വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വയനാടിനായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. താനും പ്രിയങ്കയും ദുരന്ത സ്ഥലം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമുന്നയിക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
പല വീടുകളിലും ഒരു കുട്ടിയോ മുതിർന്ന ഒരാളോ മാത്രമാണ് അവശേഷിച്ചത്. 200ലധികം ആളുകൾ മരിച്ചു. ധാരാളം പേരെ കാണാതായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സായുധ സേനകൾ, അഗ്നിശമന വിഭാഗം തുടങ്ങിയവയുടെ പ്രവർത്തനങ്ങളും കർണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സഹായവും പ്രശംസനീയമാണ്.
പുനരധിവാസ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയത്ത് കേന്ദ്രവും സംസ്ഥാനവും വാക്ക് പോര് നടത്തുന്നത് നിർഭാഗ്യകരവും ഉത്തരവാദിത്വമില്ലായ്‌മയുമാണെന്ന് കെ.സി. വേണുഗോപാൽ എം.പി ചൂണ്ടിക്കാട്ടി. മറ്റുചർച്ചകൾക്ക് ഇനിയും അവസരമുണ്ട്. ദൗത്യസംഘാംഗങ്ങളുടെ മനോവീര്യം കെടുത്തുന്ന വിമർശനം ഉചിതമല്ലെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |