തലശ്ശേരി: ദുബായിയിലുള്ള കണ്ണൂർ സ്വദേശിയുടെ വ്യവസായ-വ്യാപാരസ്ഥാപനങ്ങളിൽനിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ സെഷൻസ് കോടതി തള്ളി. കണ്ണൂർ കിഴുന്നയിലെ കണ്ടാച്ചേരി സജിത്തിന്റെ പരാതിയിൽ ആലപ്പുഴയിലെ പ്രിൻസ് സുബ്രഹ്മണ്യം, ചങ്ങനാശ്ശേരിയിലെ മഹാലക്ഷ്മി സുവേന്ദ്രൻ എന്നിവർക്കെതിരെ എടക്കാട് പോലീസ് ചാർജ് ചെയ്ത കേസിലാണ് കോടതി നടപടി.
വിശ്വാസവഞ്ചനയും വ്യാജരേഖ ചമച്ച് നടത്തിയ തട്ടിപ്പും പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യ ത്തിൽ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം ശരിവെച്ചാണ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി നിരാകരിച്ചത്.റാസൽഖൈമയിലെ തന്റെ സ്ഥാപനത്തിൽനിന്ന് 50 കോടി രൂപയുടെയും സഹോദരസ്ഥാപനമായ നെക്സ്റ്റ് സ്‌കാഫ് ഫോൾഡിംഗ് ഇൻഡസ്ട്രീസിൽനിന്ന് 8.60 കോടിയുടെയും ഹമരിയഫ്രീ സോണിലെ സ്ഥാപനത്തിൽനി ന്നും 8.10 കോടിയുടേയും സാധനങ്ങൾ വിറ്റ് പണം തട്ടിയെന്നും സജിത്ത് നൽകിയ പരാതിയിലുണ്ട്.
"പവർ ഒഫ് അറ്റോർണി ഉപയോഗിച്ച് കോടികൾ തട്ടി
കേസുകളിൽ കുടുക്കി അപകീർത്തിയുണ്ടാക്കി"
ദുബായിയിലെ വെൽഗേറ്റ്സ് ഇൻസ്ട്രീസ് അടക്കമുള്ള സ്ഥാപനങ്ങൾ നടത്തുന്ന സജിത്ത് നിയമകാര്യങ്ങൾ കൈകാര്യംചെയ്യുന്നതിന് ദുബായിയിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന എക്സ്ട്രീം ഇന്റർനാഷണൽ കൺസൾട്ടൻസിയുടെ എം.ഡിയായ പ്രിൻസ് സുബ്രഹ്മണ്യത്തിന് ഒരു ലക്ഷം ദിർഹം ഇതിനായി പ്രതിഫലം നൽകി പവർ ഓഫ് അറ്റോർണി നൽകിയിരുന്നു.
എന്നാൽ സ്ഥാപനത്തിന്റെ അക്കൗണ്ട് വിവരങ്ങൾ. ബാങ്കിടപാട് വിവരങ്ങൾ, ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ കൈക്കലാക്കിയ പ്രിൻസ് അതുപയോഗിച്ച് വിശ്വാസവഞ്ചന നടത്തുന്നുവെന്ന് ബോദ്ധ്യപ്പെട്ട് പവർ ഓഫ് അറ്റോണി പിൻവലിച്ച് കുടുംബസുഹൃത്തായ മഹാലക്ഷ്മി സുവേന്ദ്രന് ചുമതല നൽകി. സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുന്നതിനായി നാട്ടിലെത്തിയ സജിത്തിന് യാത്രാവിലക്ക് നേരിട്ടതിനെ തുടർന്ന് നിയമോപദേശമനുസരിച്ച് ഗഡുക്കളായി പണം നൽകാൻ ഒപ്പിട്ട ബ്ലാങ്ക് ചെക്കുലീഫുകൾ മഹാലക്ഷ്മിക്ക് നൽകി. എന്നാൽ മഹാലക്ഷ്മിയും പ്രിൻസും വിശ്വാസവഞ്ചന കാട്ടുന്നുവെന്ന് വ്യക്തമായതിനെതുടർന്ന് ഇരുവർക്കുമെതിരെ ദുബായിയിലും മറ്റ് എമിറേറ്റ്സുകളിലുമായി പരാതി നൽകി.ഇരുവർക്കും നൽകിയ അധികാരപത്രം യു.എ.ഇ.യിലെ കോടതി മുഖേന 2023 ഫെബ്രുവരി 15ന് റദ്ദാക്കി. എന്നാൽ നേരത്തെ വാങ്ങിവെച്ച ബ്ലാങ്ക് ചെക്കുപയോഗിച്ച് തട്ടിപ്പുകൾ തുടർന്ന് തന്നെ ബാദ്ധ്യതക്കാരനാക്കിയെന്നാണ് സജിത്തിന്റെ പരാതി.
മഹാലക്ഷ്മിയുടെ പവർ ഓഫ് അറ്റോണിയുടെ ബലത്തിൽ സജിത്തിനെതിരെ പ്രിൻസ് പരാതി നൽകിയിരുന്നു. താൻ നൽകിയ ബ്ലാങ്ക് ചെക്കുകളിൽ വർഷങ്ങൾക്ക് ശേഷം വലിയ തുക എഴുതി ബാങ്കിൽ നൽകി കേസുകളിൽ കുടുക്കുകയാണെന്നും സജിത്തിന്റെ പരാതിയിലുണ്ട്. വ്യാജരേഖ ചമച്ച് ദുബായിയിലെ കോടതിയിൽ പരാതി നൽകി കേസിൽ കുടുക്കി അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |