കോഴിക്കോട്: നിലവിൽ ബസ് യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതും യാത്ര ക്ലേശം അനുഭവിക്കുന്നതുമായ ഉൾനാടൻ റൂട്ടുകളിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി നിർദ്ദേശിച്ച ഉൾനാടൻ മിനി ബസ് സർവീസ് മികച്ച ആശയമെന്ന് കോഴിക്കോട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് സംഘടിപ്പിച്ച ജനകീയ സദസ് അഭിപ്രായപ്പെട്ടു. കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം നിയമസഭ മണ്ഡലങ്ങളുടെ പരിധിയിലെ ജനകീയ സദസാണ് ഇന്നലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നത്.
ഉൾനാടൻ മിനി ബസ് പെർമിറ്റുകൾ സ്വാഗതാർഹമാണെന്നും എന്നാൽ അവ നഗരത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ജില്ലാ പ്രസിഡന്റ് കെ.ടി വാസുദേവൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ കെ.എസ്.ആർ.ടി.സിയിൽ കൂടി അനുവദിക്കണം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഉയർത്തുകയും വേണം. കൺസെഷൻ യാത്ര പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വാസുദേവൻ പറഞ്ഞു.
മികച്ച റോഡായ കുണ്ടുപറമ്പ് കാരപ്പറമ്പ് റൂട്ടിൽ ബസ് സർവീസ് ഇല്ലെന്നും പറമ്പിൽ ബസാർ നിവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നും ആവശ്യമുയർന്നു. രാത്രി 9.30 ന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്ത്രീകൾക്ക് പൊതുഗതാഗത സൗകര്യം ഇല്ലെന്നും പുരുഷന്മാരെപ്പോലെ ഓട്ടോറിക്ഷയിൽ തിക്കിത്തിരക്കി കയറാൻ സാധിക്കുന്നില്ലെന്നും പരാതിയുയർന്നു. ബസ് സ്റ്റോപ്പിന്റെ സമീപം ഓട്ടോറിക്ഷകൾ നിർത്തിയിട്ട് ആളുകളെ കയറ്റാൻ പാടില്ല എന്ന ഹൈക്കോടതി ഉത്തരവ് പലയിടത്തും ലംഘിക്കുന്നതായി ബസ് ഉടമകൾ പറഞ്ഞു.
വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതാണ് കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധിയെന്നും താത്ക്കാലിക ജീവനക്കാരെ എടുത്തുതുടങ്ങിയാൽ ഉൾനാടൻ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താൻ സാധിക്കുമെന്നും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി.എം അബ്ദുൾ നാസർ അറിയിച്ചു. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പി.ആർ സുമേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനുമോദ് കുമാർ എന്നിവരും പ്രസംഗിച്ചു.
ഗ്രാമങ്ങളിൽ നിരവധി പുതിയ റോഡുകളും പാലങ്ങളും ടൗൺഷിപ്പുകളും വന്നിട്ടുണ്ടെങ്കിലും
ഇവിടങ്ങളിൽ വേണ്ടത്ര ബസ് സർവീസുകൾ ഇല്ല
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ
കോട്ടൂളി സി.ഡബ്ലൂ.ആർ.ഡി.എം റോഡ് പ്രധാന റൂട്ടായി മാറി. എന്നാൽ ഇതുവഴി വേണ്ടത്ര ബസുകളില്ല.
തീരെ ബസുകൾ ഇല്ലാത്ത ഉൾനാടൻ റൂട്ടുകളിലെ പ്രശ്‌നപരിഹാരത്തിന് മുൻതൂക്കം നൽകണം
പി.ടി.എ റഹീം എം.എൽ.എ
യാത്രക്കാർ സംതൃപ്തരാണോ എന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തണം
അഹമ്മദ് ദേവർകോവിൽ എം.എൽ.എ
പൊതുഗതാഗത സംവിധാനത്തിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ബസ് സ്റ്റോപ്പിന്റെ അടുത്ത് പാർക്കിംഗ് സൗകര്യം ഒരുക്കണം. ആളുകൾക്ക് ഇരുചക്രവാഹനമോ കാറോ പാർക്ക് ചെയ്ത് തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കയറാനുള്ള സൗകര്യം ഉണ്ടാക്കണം.
വി.വി ഫ്രാൻസിസ്, ഗതാഗത വിദഗ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |