കൊച്ചി: ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്റ് തുറക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കേരളത്തിൽ വരുമെന്ന വാർത്തയിൽ പ്രതീക്ഷയോടെ കണ്ണ്നട്ട് സംസ്ഥാനം. മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ അധികൃതർ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കേരളത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ദേശീയ മാധ്യമത്തോട് പറഞ്ഞതാണ് പ്രതീക്ഷയ്ക്ക് തിരിതെളിച്ചത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണ് കേരളം. കഴിഞ്ഞ മാസങ്ങളുടെ മാത്രം കണക്കെടുത്താൽ സംസ്ഥാനത്ത് വിറ്റഴിയുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്.
ഇലക്ട്രിക് വാഹന സാന്ദ്രതയിലും വില്പനാ വളർച്ചയിലും ഇലക്ട്രിക് ടൂവീലർ വാഹന ശ്രേണിയിലും കേരളം ഒന്നാമതാണ്. ഇലക്ട്രിക് വാഹന ഉപഭോക്താക്കൾ ഏറെ ആശങ്കപ്പെടുന്ന ചാർജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടാനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാവാം കേരളത്തിൽ ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്റ് തുറക്കുന്നതിൽ മഹീന്ദ്രയെ പ്രചോദിപ്പിച്ചിട്ടുണ്ടാകുകയെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, മഹീന്ദ്രയുടെ ഔദ്യോഗിക വിശദീകരണം ഇക്കാര്യത്തിൽ ലഭ്യമായിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളിൽ മുൻനിരയിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്ഥാനം.
ഇലക്ട്രിക് കാർ ശ്രേണിയിലെ സാന്ദ്രത
(സ്ഥാനം, സംസ്ഥാനം, സാന്ദ്രതാശതമാനം എന്ന നിലയിൽ)
1. കേരളം - 5.6 %
2. ഡൽഹി - 3.5 %
3. കർണ്ണാടക - 3.2 %
ഇലക്ട്രിക് ടൂവീലർ ശ്രേണിയിലെ സാന്ദ്രത
(സ്ഥാനം, സംസ്ഥാനം, സാന്ദ്രതാശതമാനം എന്ന നിലയിൽ)
1. കേരളം - 13.5 %
2. കർണ്ണാടക - 11.5 %
3. മഹാരാഷ്ട്ര - 10.1 %
4. ഡൽഹി - 9.4 %
19,940- ഈ വർഷം സംസ്ഥാനത്ത് വിറ്റഴിഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |