കൊച്ചി: കൊവിഡ് കാലത്ത് ഹ്യുണ്ടായി, കിയ കാർ കമ്പനികളെ വെള്ളം കുടിപ്പിച്ച കാർ മോഷണങ്ങൾക്ക് തടയിടാൻ സോഫ്ട് വെയർ പുതുക്കലിലൂടെ കഴിഞ്ഞതായി ഗവേഷണ റിപ്പോർട്ട്. ആന്റി തെഫ്റ്റ് സോഫ്ട് വെയർ പുതുക്കലിലൂടെ മോഷണനിരക്ക് പകുതിയിലേറെ കുറയ്ക്കാനായെന്നാണ് ഹൈവേ ലോസ് ഡാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ. വിദേശരാജ്യങ്ങളിൽ കാറുകളുടെ മോഷണം ഒരുപാട് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ 2023 ഫെബ്രുവരിയിലാണ് സോഫ്ട് വെയർ അപ്ഗ്രേഡ് ചെയ്തുതുടങ്ങിയത്. ഹ്യുണ്ടായി, കിയ കാറുകളുടെ 2011-22 കാലത്ത് പുറത്തിറക്കിയ രണ്ട്ഡസനിലേറെ മോഡലുകളിൽ സോഫ്ട് വെയർ പുതുക്കാനാകും. കഴിഞ്ഞ മാസത്തോടെ 60 ശതമാനം കാറുകളിലും സോഫ്ട് വെയർ പുതുക്കി നൽകാനായെന്ന് കമ്പനികൾ പറയുന്നു.
സോഫ്ട് വെയർ പുതുക്കി വന്ന ഹ്യുണ്ടായി( 30ശതമാനം), കിയ (28 ശതമാനം) കാറുകൾക്കും മോഷണ നഷ്ടപരിഹാരം ചോദിച്ചത് പഴയ സോഫ്ട്‌വെയറുള്ള കാറുകളെ അപേക്ഷിച്ച് 53 ശതമാനം കുറവായിരുന്നു. ഹൈവേലോസ് ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 ഡിസംബറിലെ കണക്കാണിത്. വാഹനം മൊത്തമായി മോഷ്ടിക്കപ്പെടുന്നതിന് പുറമെ മോഷണത്തിന് ശേഷം വീണ്ടെടുത്ത കാറുകൾക്കുണ്ടായ കേടുപാട്, കാറുകളുടെ പാർട്ട്സോ വാഹനത്തിനുള്ളിൽ സൂക്ഷിച്ച സാധനങ്ങളോ മോഷ്ടിക്കപ്പെട്ടത് എന്നിവയെല്ലാം നഷ്ടപരിഹാരം തേടുന്നതിന്റെ പരിധിയിൽപ്പെടും.
പുതുക്കിയ സോഫ്ട്‌വെയർ അനുസരിച്ച് ഡ്രൈവർ ഫോബ് ഉപയോഗിച്ച് കാർ ലോക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ, താക്കോലുപയോഗിച്ച് കാർ ലോക്ക് ചെയ്യുന്നതാണ് ചിലരുടെ രീതി. ഇതുകൊണ്ട് തന്നെ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ഹ്യുണ്ടായി, കിയാ കാറുകളിൽ മോഷണം കൂടുതലാണെന്ന് ഹൈവേലോസ് ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലിൽ പറയുന്നു.
ഈ ഇരു കമ്പനികളുടെയും വാഹനങ്ങളിൽ കണ്ടെത്തിയ അപാകത സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിഞ്ഞതോടെയാണ് വിദേശരാജ്യങ്ങളിൽ ഈ കാറുകളുടെ മോഷണം വർദ്ധിച്ചത്. കൊവിഡ് കാലത്താണ് മോഷണം വ്യാപകമായത്. 2011നും 2021 നും ഇടയിൽ നിർമ്മിച്ച കിയകാറുകളിലും 2015 മുതൽ 2021 വരെ നിർമ്മിച്ച ഹ്യൂണ്ടായ് കാറുകളിലും 'എൻജിൻ ഇമ്മോബിലൈസറുകൾ' (മോഷണം തടയാനുള്ള ടെക്നോളജി) ഒഴിവാക്കിയതാണ് ഇരു കമ്പനികൾക്കും പണിയായതെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു. കാലിഫോർണിയയിലെ കോടതിയിൽ ഇത് സംബന്ധിച്ച് കാർ കമ്പനികൾക്കെതിരെ കേസുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |