കൊച്ചി: ഉപഭോക്‌തൃവില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം അഞ്ച് വർഷത്തെ കുറഞ്ഞ നിരക്കായ 3.54 ശതമാനമായി താഴ്ന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് ഗുണമായത്. ജൂണിൽ നാണയപ്പെടുപ്പം 5.1 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്ന വില സൂചിക ജൂണിലെ 9.36 ശതമാനത്തിൽ നിന്നും 5.42 ശതമാനമായി കുത്തനെ താഴ്ന്നു. ധാന്യങ്ങളുടെ വില സൂചിക 8.14 ശതമാനമായും പഴവർഗങ്ങളുടെ സൂചിക 3.84 ശതമാനമായും താഴ്ന്നു. പച്ചക്കറി വിലയിലെ വർദ്ധന 6.83 ശതമാനമായി താഴ്‌ന്നു. അതേസമയം പയർവർഗങ്ങളുടെ വിലക്കയറ്റത്തോത് 14.83 ശതമാനത്തിലാണ്.
വ്യാവസായിക ഉത്പാദന സൂചിക 4.2 ശതമാനമായി താഴ്ന്നു
ജൂണിൽ ഇന്ത്യയിലെ വ്യാവസായിക ഉത്പാദന സൂചിക അഞ്ച് മാസത്തെ കുറഞ്ഞ നിരക്കായ 4.2 ശതമാനത്തിലെത്തി. മേയിൽ വ്യാവസായിക ഉത്പാദനത്തിലെ വളർച്ച 6.2 ശതമാനമായിരുന്നു. പ്രധാന വ്യവസായ മേഖലയിലെ ഉത്പാദന വളർച്ച ഇരുപത് മാസത്തെ താഴ്ന്ന നിരക്കായ നാല് ശതമാനത്തിലെത്തി. മഴ ശക്തമായതോടെ വൈദ്യുതി ഉത്പാദനം 8.6 ശതമാനമായി കുറഞ്ഞു. വൻകിട ഉത്പാദന മേഖലയിലെ വളർച്ചാ നിരക്ക് 2.6 ശതമാനമായി താഴ്ന്നു.ഖനന മേഖല മാത്രമാണ് 10.6 ശതമാനം വളർച്ചയോടെ മികച്ച പ്രകടനം കാഴ്ചവെച്ചു.
പലിശ കുറയാൻ സാദ്ധ്യതയേറുന്നു
നാണയപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്‌ന്നതും വ്യാവസായിക ഉത്പാദനത്തിലെ തളർച്ചയും ഇന്ത്യയിൽ പലിശ പ്രതീക്ഷച്ചതിലും നേരത്തെ കുറയാൻ സാഹചര്യമൊരുക്കുന്നു. പുതിയ കണക്കുകൾ പുറത്ത് വന്നതോടെ ഒക്‌ടോബറിലെ ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തിയേക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |