ലോക ഒന്നാം നമ്പർ ടെന്നിസ് താരം യാന്നിക്ക് സിന്നറെ ഉത്തേജക വിലക്കിൽ നിന്ന് ഒഴിവാക്കിയതിനെതിരെ മറ്റ് താരങ്ങൾ
ന്യൂയോർക്ക് : മാർച്ച് മാസത്തിൽ നടന്ന രണ്ട് ഉത്തേജക പരിശോധനകളിൽ പരാജയപ്പെട്ടതിനെതിരെ ലോക ഒന്നാം നമ്പർ പുരുഷ ടെന്നിസ് താരം യാന്നിക്ക് സിന്നർ നൽകിയ അപ്പീൽ പരിഗണിച്ച് വിലക്കിൽ നിന്ന് ഒഴിവാക്കിയതിനെതിരെ മറ്റ് ടെന്നിസ് താരങ്ങൾ. കനേഡിയൻ താരം ഡെനിസ് ഷാപ്പോവലോവ്,ബ്രിട്ടീഷ് ഡബിൾസ് താരം ടാരാ മൂർ,ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസ് തുടങ്ങിയവരാണ് സോഷ്യൽ മീഡിയയിലൂടെ ഇരട്ട നീതി ആരോപണമുയർത്തിയിരിക്കുന്നത്.ഇറ്റലിക്കാരനായ സിന്നർ ഒന്നാം റാങ്കുകാരനായതുകൊണ്ടാണോ വിലക്കാത്തതെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. വനിതാ താരമായിരുന്നെങ്കിൽ വിലക്ക് വരുമായിരുന്നെന്നും പുരുഷ താരമായതിനാൽ ഒഴിവാക്കപ്പെട്ടു എന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം സിൻസിനാറ്റി ഓപ്പണിൽ കിരീടം നേടിയ സിന്നർക്ക് ഈയാഴ്ച തുടങ്ങുന്ന യു.എസ് ഓപ്പണിൽ കളിക്കാൻ എ.ടി.പി അനുമതി നൽകിയതോടെയാണ് മറ്റ് താരങ്ങൾ പ്രതികരണവുമായി എത്തിയത്.
സിന്നർക്ക് സംഭവിച്ചത്
മാർച്ച് മാസത്തിൽ നടത്തിയ ഉത്തേജക പരിശോധനയിലാണ് സിന്നറുടെ ശരീരത്തിൽ ക്ളോസ്റ്റെബോൾ എന്ന ഉത്തേജക വസ്തുവിന്റെ അംശം നേരിയ തോതിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് ശേഷം വീണ്ടും പരിശോധന നടത്തിയപ്പോഴും ഇതേ വസ്തു ബ്ളഡിൽ കണ്ടെത്തിയതിനെത്തുടർന്ന് താരത്തെ താത്കാലികമായി വിലക്കി.
ഇതിനെതിരെ സിന്നർ അപ്പീൽ നൽകി. താൻ മനപ്പൂർവ്വം ഉത്തേജകം കഴിച്ചിട്ടില്ലെന്നും വിരലിന് സംഭവിച്ച പരിക്കിന് പുരട്ടിയ ഓയിൻമെന്റിൽ നിന്ന് ഉത്തേജകാംശം ശരീരത്തിനുള്ളിലേക്ക് കടക്കുകയായിരുന്നുവെന്നും സിന്നർ വാദിച്ചു. ദേഹത്ത് പുരട്ടുന്ന മരുന്നിൽ നിന്ന് ഉത്തേജകാംശം ഉള്ളിലെത്തുമെന്ന് അറിവില്ലായിരുന്നുവെന്നും സിന്നർ അറിയിച്ചു.
സിന്നറുടെ വാദം പരിഗണിച്ച അപ്പീൽ കമ്മറ്റി അത് അംഗീകരിച്ച് വിലക്ക് നീക്കി. മനപ്പൂർവ്വം താരം ഉത്തേജകമുപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് വിലക്ക് മാറ്റുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ താരത്തിന് യു.എസ് ഓപ്പണിൽ കളിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |