ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി അടുത്തിടെ യു.എസ് മുന്നോട്ടുവച്ച പദ്ധതി ലക്ഷ്യം കാണാതെ തകർച്ചയുടെ വക്കിലെന്ന് റിപ്പോർട്ട്. കരാർ ഇസ്രയേൽ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. എന്നാൽ ഹമാസ് കരാറിന് എതിരാണ്.
ഹമാസിനെ അനുനയിപ്പിക്കാൻ ഈജിപ്റ്റ്, ഖത്തർ എന്നീ മദ്ധ്യസ്ഥ രാജ്യങ്ങളിലെ നേതാക്കളുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചർച്ച നടത്തി. എന്നാൽ കരാർ വിജയിക്കാനിടയില്ലെന്നും ഇതിനാൽ ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ വധിച്ചതിന് പ്രതികാരമായി ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നും ചില യു.എസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വെടിനിറുത്താൻ ഹമാസും ഇസ്രയേലും ധാരണയിലെത്തിയാൽ ഇസ്രയേലിനെ തങ്ങൾ തത്കാലം ആക്രമിക്കില്ലെന്നായിരുന്നു ഇറാന്റെ നിലപാട്. കഴിഞ്ഞ മാസം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ഇസ്രയേൽ ആക്രമണത്തിലാണ് ഹനിയേ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ആഴ്ച ഖത്തറിലെ ദോഹയിൽ ചേർന്ന മദ്ധ്യസ്ഥ ചർച്ചയിലാണ് ഹമാസിനും ഇസ്രയേലിനും അനുയോജ്യമായ തരത്തിൽ ആവിഷ്‌കരിച്ച പുതിയ നിർദ്ദേശം യു.എസ് അവതരിപ്പിച്ചത്. ചർച്ച താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.
ഗാസയിൽ 109 ഇസ്രയേലി ബന്ദികളുണ്ടെന്ന് കരുതുന്നു. ബന്ദികളെ തിരിച്ചെത്തിക്കണമെന്ന് കാട്ടി ഇസ്രയേലിൽ പ്രതിഷേധം ശക്തമാണ്. ബന്ദികളിൽ മൂന്നിലൊന്ന് പേർ മരിച്ചിരിക്കാമെന്നാണ് നിഗമനം.
നിലയ്‌ക്കാതെ ആക്രമണം: 50 മരണം
ഇന്നലെ ഗാസയുടെ വിവിധയിടങ്ങളിലായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 50ലേറെ പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ ടണലുകളും റോക്കറ്റ് ലോഞ്ചിംഗ് കേന്ദ്രങ്ങളും അടക്കം 30ലേറെ ലക്ഷ്യസ്ഥാനങ്ങൾ തകർത്തു. ജന സാന്ദ്രതയേറിയ മദ്ധ്യ ഗാസയിലെ ദെയ്ർ അൽ ബലാഹിൽ നിന്ന് ആളുകൾക്ക് ഒഴിയാനും നിർദ്ദേശം നൽകി. ഒക്ടോബറിൽ യുദ്ധം തുടങ്ങിയത് മുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,220 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |