മുട്ടിൽ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായവരെ നേരിൽ കേട്ട് ചീഫ് സെക്രട്ടറിയും ജില്ലാ ഭരണ കൂടവും. താത്ക്കാലിക ,സ്ഥിര പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടറിയാനാണ് ഡബ്ല്യു.എം.ഒ കോളേജിൽ ദുരന്ത ബാധിതരെയും വിവിധ മത-രാഷ്ട്രീയ സംഘടന പ്രതിനിധികളുടെയും വിപുലമായ യോഗം ചേർന്നത്. പുനരധിവാസം മാറ്റിപ്പാർപ്പിക്കൽ മാത്രമായിട്ടല്ല സർക്കാർ കാണുന്നത്. സുരക്ഷിതമായ താമസം, വിദ്യാഭ്യാസം, ആരോഗ്യം, ജീവിതോപാധി, മാനസിക പ്രയാസങ്ങളില്ലാത്ത സാമൂഹിക ചുറ്റുപാട്, വിനോദോപാധികൾ, പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി സർവതല സ്പർശിയായ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. താത്ക്കാലികമായി പുനരധിവസിപ്പിച്ചരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും. രക്ഷാപ്രവർത്തനം മുതൽ എല്ലാ കാര്യങ്ങളിലും ജാതി-മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒറ്റക്കെട്ടായാണ് എല്ലാവരും പ്രവർത്തിച്ചത്. തുടർന്നും ഇതുപോലെ മുന്നോട്ട് പോവണം.
ജനപ്രതിനിധികളും ദുരന്തത്തിനിരയായവരും ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നിർദേശങ്ങളും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഇതുകൂടി പരിഗണിച്ചായിരിക്കും പുനരധിവാസത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. വാടക വീടുകളിലേക്ക് മാറിത്താമസിച്ചവർക്ക് വാടകയുടെ കാര്യത്തിൽ ആശങ്ക വേണ്ട. ദുരന്ത ബാധിത വാർഡുകളിൽ 50 തൊഴിലുറപ്പ് ദിനങ്ങൾ കൂടി വർദ്ധിപ്പിച്ചു. സുതാര്യമായാണ് പുനരധിവാസം സാധ്യമാക്കുക. ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. ഡി.എൻ.എ ഫലം എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് പുറത്ത് വിടുന്നത്. വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും. ഭൂമി നഷ്ടപ്പെട്ടവരുടെ കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തും. ജനങ്ങളിൽ നിന്ന് ഉയർന്ന് വന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചായിരിക്കും പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും ചീഫ് സെകട്ടറിപറഞ്ഞു.
ടി.സിദ്ധീഖ് എം.എൽ. എ
സ്ഥിര പുനരധിവാസം ദുരന്തബാധിതരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെടുത്തിയാവണമെന്ന് ടി.സിദ്ധീഖ് എം.എൽ. എ പറഞ്ഞു. ഭവന നിർമ്മാണത്തിനും വിദ്യാഭ്യാസത്തിനും കാർഷികാവശ്യങ്ങൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കുമായി പൊതു സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ പറഞ്ഞു.
സി.കെ ശശീന്ദ്രൻ
പുനരധിവാസം യാതൊരു തരത്തിലുമുള്ള പരാതികൾക്ക് ഇടയില്ലാതെ മാതൃകാപരമായി നടത്തണമെന്ന് സി.പിഎം പ്രതിനിധി സി.കെ ശശീന്ദ്രൻ പറഞ്ഞു.
ഇ.ജെ ബാബു
ടൗൺഷിപ്പ് നടപ്പാക്കുമ്പോൾ ഒരു കുടുംബത്തിന് 50 സെന്റ് സ്ഥലമെങ്കിലും ലഭിക്കുന്ന തരത്തിൽ നടപ്പാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ആവശ്യപ്പെട്ടു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ എ, സംഷാദ് മരക്കാർ
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ പുനരധിവസിപ്പിക്കുന്നതിനായി ഷെൽട്ടർ സംവിധാനം ജില്ലയിൽ ഒരുക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ ആവശ്യപ്പെട്ടു.
ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്‌പെഷൽ ഓഫീസർ സാംബ ശിവ റാവു, ലാൻഡ് റവന്യൂ ജോ.കമ്മിഷണർഎ.ഗീത, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ ദേവകി, ജില്ലാ പൊലീസ് മേധാവി പോഷ് ബസുമതാരി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ്, ഡെപ്യൂട്ടി കലക്ടർ കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ സുകുമാരൻ, കേരള കോൺഗ്രസ് പ്രതിനിധി കെ.ജെദേവസ്യ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി ഹാരിസ്ബാഖവി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധി മജീദ് ,മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ഐ.യു.എം.എൽ പ്രതിനിധി .കെ.കെ അഹമ്മദ് ഹാജി ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ എന്നിവർ സംസാരിച്ചു.ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |