കണ്ണൂർ: സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പരാതി ലഭിച്ചാലേ അന്വേഷണം ഉള്ളൂവെന്ന സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ തള്ളി വനിതാകമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് കരുതുന്നതെന്ന് സതീദേവി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾ മാദ്ധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് അന്വേഷണം നടത്താം. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിനിറുത്തേണ്ടത് സർക്കാരാണ്. ആരോപണം തെളിയുന്ന പക്ഷം ഉന്നതസ്ഥാനത്ത് ഇരിക്കുന്നത് ഉചിതമല്ല. പരാതിപ്പെടാൻ അപമാനം നേരിട്ട ആളും മുന്നോട്ടുവണം. ആരോപണത്തിൽ വനിതാ കമ്മിഷൻ സർക്കാരിനോട് റിപ്പോർട്ടുതേടുമെന്നും സതീദേവി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |