കൊച്ചി: ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷൻ രഞ്ജിത്തും സാംസ്കാരിക മന്ത്രി സജി ചെറിയാനും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രഞ്ജിത്തിന് എതിരായ ബംഗാളി നടിയുടെ ആരോപണം അന്വേഷിക്കണം. പരാതി നൽകിയാലേ കേസെടുക്കൂവെന്ന സർക്കാർ നിലപാട് പിടിവാശിയാണ്.
സോളാർ വിവാദത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ, അന്വേഷിക്കട്ടെയെന്ന നിലപാടാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. സജി ചെറിയാൻ പറഞ്ഞതുപോലെ കോടതിയല്ല ഉമ്മൻ ചാണ്ടിയെ വെറുതേവിട്ടത്. കോടതി സി.ബി.ഐ റിപ്പോർട്ട് സ്വീകരിക്കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിവയ്ക്കാൻ കൂട്ടുനിൽക്കുകയും പരാതി തന്നാലേ കേസെടുക്കുകയുള്ളൂവെന്നും പറയുന്ന സജി ചെറിയാന് മന്ത്രിസ്ഥാനത്ത് തുടരാൻ കഴിയില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് കാരണം ജനങ്ങൾ സിനിമാ ലോകത്തെ ഒന്നടങ്കം കുറ്റവാളികളായി കാണുകയാണ്. പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമം. റിപ്പോർട്ട് പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മാത്രമേ വിവരാവകാശ കമ്മിഷനുള്ളൂ. കേസെടുക്കരുതെന്ന് കമ്മിഷൻ പറഞ്ഞിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |