തിരുവനന്തപുരം: സ്വന്തം സിനിമകളിലെ മാടമ്പിത്തരം പലപ്പോഴും സ്വഭാവത്തിലും പ്രകടമാക്കുന്നുവെന്ന ആക്ഷേപം കേൾക്കേണ്ടിവന്ന രഞ്ജിത്ത് അക്കാഡമി ചെയർമാൻ പദവിയിലിരുന്ന് മാസ് ആകാൻ നടത്തിയ ശ്രമങ്ങൾ വിജയത്തോട് അടുക്കുമ്പോൾ ഫ്യൂസ് പോകുന്നതാണ് സാംസ്കാരിക കേരളം കണ്ടത്. അപ്പോഴൊക്കെ രക്ഷയ്ക്ക് സാസ്കാരിക മന്ത്രി സജി ചെറിയാനും സി.പി.എമ്മിലെ ഒരു വിഭാഗവും ഉണ്ടായിരുന്നു.
2022 ജനുവരി ഏഴിനാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാനാകുന്നത്. ആ വർഷം മാർച്ചിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവ ഉദ്ഘാടന വേദിയിലേക്ക് 'പോരാട്ടത്തിന്റെ പെൺ പ്രതീകം' എന്ന് വിശേഷിപ്പിച്ച് അതിജീവിതയായ നടിയെ കൊണ്ടുവന്നു. കരഘോഷം ലഭിച്ചുവെങ്കിലും പിറ്റേന്ന് കഥമാറി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ജയിലിൽ സന്ദർശിക്കുന്ന രഞ്ജിത്തിന്റെ ചിത്രം വൈറലായി.
അതേ ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ സ്വാഗതം പറയാൻ രഞ്ജിത്ത് എണീറ്റപ്പോൾ കേട്ടത് ഡെലിഗേറ്റുകളുടെ കൂവൽ. ''കൂവൽ ഒന്നും പുത്തരിയല്ല. 1976-ൽ എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം.അതുകൊണ്ട് ഇതൊന്നും വിഷയമല്ല. അതിനു ശ്രമിച്ച് ആരും പരാജയപ്പെടുകയും വേണ്ട...'' എന്നായിരുന്നു രഞ്ജിത്തിന്റെ പ്രസംഗം. അടുത്ത ദിവസം കൂവലിനെ പറ്റി മാദ്ധ്യമങ്ങളോടു പ്രതികരിച്ചപ്പോൾ നായയുടെ കുരയോട് ഉപമിക്കുകയും ചെയ്തു.
പിന്നീട് ദിലീപിനൊപ്പം രഞ്ജിത്ത് വേദി പങ്കിട്ടു.ഇതിനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് രംഗത്ത് വന്നു.
മാടമ്പിത്തരം കാണിക്കുന്ന രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടത് കഴിഞ്ഞ ചലച്ചിത്രമേളയ്ക്കിടെയാണ്. എൻ. അരുൺ, മനോജ് കാന തുടങ്ങിയവർ ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകി.വരിക്കാശേരിമനയിലെ ലൊക്കേഷൻ എന്ന മട്ടിലാണ് രഞ്ജിത്ത് പെരുമാറുന്നത്. വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ, നിറുത്തിപൊയ്ക്കോളൂ എന്നാണ് പറഞ്ഞത്. അങ്ങനെ പറയാൻ വീട്ടുജോലിക്കാരല്ല
അംഗങ്ങൾ. ധാർഷ്ട്യവും മാടമ്പിത്തരവുമായി നടക്കുന്ന അദ്ദേഹം സർക്കാരിനെയാണ് അവഹേളിക്കുന്നതെന്നും അവർ വ്യക്തമാക്കിയിട്ടും രഞ്ജിത്തിനെ മഹത്വവത്കരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വർഷം സംസ്ഥാന അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗം തുറന്നുപറഞ്ഞപ്പോഴും മന്ത്രി രഞ്ജിത്തിന്റെ സംരക്ഷകനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |