ന്യൂഡൽഹി: ഗുണ്ടാ സംഘങ്ങൾക്കിടയിലെ കുടിപ്പകയിൽ ദക്ഷിണ ഡൽഹിയി ജിം ഉടമ വെടിയേറ്റു മരിച്ചു. അഫ്ഗാൻ വംശജനായ നാദിർ ഷായാണ്(35) മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ന് ഗ്രേറ്റർ കൈലാഷ്-1 കോളനിയിലെ തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അധോലോക ബന്ധമുള്ള ലോറൻസ് ബിഷ്‌ണോയി സംഘാംഗം ഗോൾഡി ബ്രാറിന്റെ സഹായിയായ രോഹിത് ഗോദര കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്ക് സമീപം നാദിർ ഷാ മറ്റൊരാളുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് അക്രമി
അടുത്തെത്തി വെടിയുതിർത്തത്. തുടർന്ന് തൊട്ടടുത്ത് പാർക്ക് ചെയ്ത മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ആറ് മുതൽ എട്ട് തവണ വരെ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. ഷായെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ദുബായിൽ ബിസിനസ് നടത്തിയിരുന്ന ഷായുടെ പേരിലും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ബിസിനസ് ഇടപാടുകൾക്ക് തടസം നിന്നതിനാലാണ് കൊലയെന്നും രോഹിത് ഗോദാര വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്ന എല്ലാവർക്കും സമാന അനുഭവമുണ്ടെന്ന ഭീഷണിയുമുണ്ട്.വെടി വയ്പ് നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേർ ഉൾപ്പെടെ ആറ് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരും ക്രിമിനൽ ബന്ധമുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |