മൂന്നാം വനിതാ മുഖ്യമന്ത്രി
ന്യൂഡൽഹി: രാജിവച്ച അരവിന്ദ് കേജ്‌രിവാളിന്റെ വിശ്വസ്ത അതിഷി സിംഗ് ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയെ കണ്ട് അതിഷി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു.
സത്യപ്രതിജ്ഞ ഉടനുണ്ടാകും.
മദ്യനയ അഴിമതിക്കേസോടെ മങ്ങിയ ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുകയാണ് അതിഷിയുടെ പ്രധാന ദൗത്യം. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന ഫെബ്രുവരിക്കകം നടക്കാനിരിക്കെ പ്രത്യേകിച്ചും. 2020ൽ 70ൽ 62 സീറ്റും ജയിച്ചാണ് ആംആദ്‌മി അധികാരം നിലനിറുത്തിയത്. എട്ടു സീറ്റ് ബി.ജെ.പിക്കും.
43 വയസുള്ള അതിഷി ഡൽഹിയിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന പുതിയ റെക്കാഡിടും. കേജ്‌രിവാളിന്റെ (44) റെക്കാഡാണ് തകരുക. സുഷമാ സ്വരാജിനും (1998 ഒക്‌ടോബർ-1998 ഡിസംബർ), ഷീലാ ദീക്ഷിതിനും(1998 ജനുവരി-2013 ഡിസംബർ) ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയുമാകും.
ഇന്നലെ രാവിലെ തന്റെ വസതിയിൽ 51 ആം ആദ്‌മി എം.എൽ.എമാർ പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തിൽ കേജ്‌രിവാൾ രാജി തീരുമാനമറിയിച്ചു. പിന്നാലെ അതിഷിയെ നേതാവായി തിരഞ്ഞെടുത്തു. കേജ്‌രിവാളാണ് പേര് നിർദ്ദേശിച്ചത്. വൈകിട്ട് 4.30ന് അതിഷിക്കും മറ്റു മന്ത്രിമാർക്കുമൊപ്പം സെക്രട്ടേറിയറ്റിൽ എത്തി ലെഫ്റ്റനന്റ് ഗവർണക്ക് രാജിക്കത്ത് നൽകി.
മന്ത്രിമാരായ ഗോപാൽ റായ്, കൈലാഷ് ഗെലോട്ട് എന്നിവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ, പാർട്ടി സ്ഥാപിച്ചതു മുതൽ കേജ്‌രിവാളിന്റെ വലംകൈയായുള്ള അതിഷിക്ക് നറുക്ക് വീഴുകയായിരുന്നു.
വിശ്വസ്ത, പ്രഗത്ഭ
പഞ്ചാബി കുടുംബത്തിൽ ഡൽഹി യൂണി. അദ്ധ്യാപക ദമ്പതികളുടെ മകളായി ജനനം
ഡൽഹിയിലും ഓക്‌സ്‌ഫോർഡിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ധ്യാപികയായി
അന്നാഹസാരെയുടെ നേതൃത്വത്തിൽ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലൂടെ പൊതുരംഗത്ത്
2013ൽ ആം ആദ്‌മിയിൽ. 2020ൽ കൽക്കാജി മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിൽ
കേജ്‌രിവാളും സിസോദിയയും ജയിലിലായ നാളുകളിൽ പാർട്ടിയുടെ നാവായി ശോഭിച്ചു
വിദ്യാഭ്യാസം, മരാമത്ത്, വൈദ്യുതിയടക്കം 14 വകുപ്പുകൾ ഒരുമിച്ചുനോക്കി പാടവം തെളിയിച്ചു
കേജ്‌രിവാളിനെ ഡൽഹിക്കാർ വീണ്ടും മുഖ്യമന്ത്രിയാക്കും. അതുവരെ കാര്യങ്ങൾ നോക്കാനുള്ള ചുമതല മാത്രമാണെനിക്ക്. പാർട്ടിക്കുള്ള വിശ്വാസത്തിൽ സന്തോഷം. കേജ്‌രിവാളിന്റെ രാജിയിൽ ദു:ഖവും
- അതിഷി, നിയുക്ത ഡൽഹി മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |