ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ എൻ.ഡി.എ നേതാക്കൾ നടത്തിയ പ്രസ്‌താവനകളിൽ നിരാശ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഇത്തരം പ്രസ്താവനകളിൽ കർശന നടപടി വേണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. രാഹുലിനെ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു നമ്പർ വൺ ഭീകരവാദി എന്ന് വിളിച്ചതും ബി.ജെ.പി മുൻ എം.എൽ.എയുടെ വധഭീഷണിയും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നു.
മഹാരാഷ്ട്രയിലെ ഒരു ഭരണപക്ഷ എം.എൽ.എ രാഹുലിന്റെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. ഇത് അംഗീകരിക്കാനാകില്ല. ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും പ്രാധാന്യമുണ്ട്. ഇത്തരം വൈരാഗ്യ ചിന്തകൾ പ്രചരിപ്പിക്കുന്നത് കാണാനാണോ മഹാത്മാഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവർ രക്തസാക്ഷികളായത്. അക്രമാസക്തമായ ഭാഷ ഭാവിക്ക് ആപത്താണ്. പാർട്ടിയെയും സഖ്യ കക്ഷികളെയും ശ്രദ്ധയോടെ നയിക്കണമെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടിയെടുക്കണമെന്നും ഖാർഗെ കത്തിൽ പറയുന്നു. രാഹുലിന്റെ യു.എസ് സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു
രൂക്ഷഭാഷയിൽ സംസാരിച്ചത്. രാഹുൽ രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നും പറഞ്ഞു.
'രാഹുൽ ഏറെ സമയം ചെലവഴിക്കുന്നത് രാജ്യത്തിന് പുറത്താണ്, അദ്ദേഹത്തിന് രാജ്യത്തെ സ്‌നേഹിക്കാൻ സാധിക്കില്ല, വിദേശങ്ങളിൽ പോയി ഇന്ത്യയെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറയുന്നു. വിഘടനവാദികളും മാരകായുധങ്ങൾ നിർമ്മിക്കുന്നവരും രാഹുലിനെ പിന്തുണക്കുന്നു. വിമാനങ്ങൾ, ട്രെയിനുകൾ, റോഡുകൾ എന്നിവ തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തെ ശത്രുക്കളടക്കം അദ്ദേഹത്തിന് പിന്തുണ നൽകുന്നു. രാജ്യത്തെ നമ്പർ വൺ ഭീകരവാദിക്കുള്ള അവാർഡ് ഉണ്ടായിരുന്നുവെങ്കിൽ അത് രാഹുലിന് കിട്ടുമായിരുന്നെന്നും പറഞ്ഞു. ശിവസേന ഷിൻഡെ വിഭാഗം എം.എൽ.എ സഞ്ജയ് ഗെയ്‌ക്‌വാദാണ് രാഹുലിന്റെ നാവരിഞ്ഞാൽ 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |