കൊൽക്കത്ത: കഴിഞ്ഞ വർഷം നടത്തിയ ‘ഹിന്ദു പാകിസ്ഥാൻ’ പരാമർശത്തിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ കൊൽക്കത്ത മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയുടെ അറസ്റ്റ് വാറണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി അഭിഭാഷകനായ സൂമീത് ചൗധരി നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് വാറണ്ട്.
2019ൽ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാകിസ്ഥാൻ’ ആക്കി മാറ്റുമെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന. കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിലായിരുന്നു വിവാദ പരാമർശം. ഇതിനെതിരെ ബി.ജെ.പി നേതൃത്വം അപ്പോൾ തന്നെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കോടതിയിൽ ഹാജരാകാൻ തരൂരിനോടു നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു തരൂരിന്റെ നിലപാട്.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു കല്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അത് - തരൂർ പറഞ്ഞു. പരാമർശത്തിൽ കോൺഗ്രസും അതൃപ്തി അറിയിച്ചിരുന്നു.