കല്പറ്റ: മേപ്പാടി പുത്തുമലയിൽ ഉണ്ടായത് ഉരുൾപൊട്ടലല്ല, മറിച്ച് ഭൂഗർഭ പൈപ്പിംഗ് പ്രതിഭാസമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അഞ്ചു ലക്ഷം ടൺ മണ്ണും അഞ്ചു ഘനമീറ്റർ ജലവുമാണ് പുത്തുമലയിൽ നിന്ന് പതിച്ചത്. പച്ചക്കാട് നിന്ന് ഒന്നര മീറ്റർ കനത്തിൽ മണ്ണ് താഴേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്. ഇവിടെ ലഭിച്ച അതിതീവ്രമഴ ഇതിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മുമ്പ് നിബിഡവനമായിരുന്ന ഇവിടെ മരങ്ങൾ ഏറെ മുറിച്ചു മാറ്റിയിട്ടുണ്ട്. മരക്കുറ്റികൾ ദ്രവിച്ചുണ്ടായ ദ്വാരത്തിലൂടെ വെള്ളം ഒലിച്ചിറങ്ങും. ഒരു ഭാഗത്ത് ഇറങ്ങുന്ന ജലം പൈപ്പിംഗിലൂടെ മറ്റൊരു സ്ഥലത്ത് ഉയർന്നു വരും. ഇതാണ് പൈപ്പിംഗ് പ്രതിഭാസം. വെള്ളം വല്ലാതെ പ്രവഹിക്കുമ്പോൾ പാറക്കെട്ടുകളുമായുളള മണ്ണിന്റെ പിടുത്തം വിടും. ഇതാണ് മണ്ണിടിയാൻ ഇടയാക്കുന്നത്.
തേയില തോട്ടങ്ങൾക്കും മറ്റുമായാണ് വനഭൂമിയിൽ വൻതോതിൽ മരംമുറി നടന്നത്. എൺപതുകളിലായിരുന്നു ഇത്. പുത്തുമലയിൽ സംഭവിച്ചത് മണ്ണ് നിരങ്ങലിന്റെ വലിയ രൂപമാണെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു.ദാസ് പറഞ്ഞു. ഏതാണ്ട് ഇരുപത് ഹെക്ടർ സ്ഥലമാണ് ഇവിടെ ഇല്ലാതായത്. ചെറുതും വലുതുമായി ഒൻപത് സ്ഥലങ്ങളിൽ പൈപ്പിംഗ് വഴിയുള്ള മണ്ണ് നിരങ്ങൽ നടന്നിട്ടുണ്ട്. ഈ പ്രദേശത്ത് എട്ടിന് 33 സെന്റിമീറ്റർ മുതൽ 55 സെന്റിമീറ്റർ വരെ മഴ ലഭിച്ചു. ഈ മഴ പുത്തുമലയിലും മുണ്ടക്കൈയിലും മണ്ണൊലിച്ചു പോകാനിടയാക്കി. ഈ മലയുടെ പിറകുശത്തായുള്ള മലപ്പുറത്തെ കവളപ്പാറയിലുമുണ്ടായി വൻദുരന്തം.