പരവൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ വേർപെട്ട് അര കിലോമീറ്ററോളം സഞ്ചരിച്ചത് പരിഭ്രാന്തി പടർത്തി. കൊച്ചുവേളി- ശ്രീഗംഗാ നഗർ ബിക്കാനീർ എക്സ്പ്രസിന്റെ എൻജിനാണ് കൊല്ലത്ത് എത്തുന്നതിനിടെ മൂന്ന് തവണ വേർപെട്ടത്.
ഇന്നലെ വൈകിട്ട് 3.50 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ചിറയിൻകീഴിന് സമീപം പെരുങ്ങുഴിയിൽ എത്തിയപ്പോഴാണ് ആദ്യം എൻജിൻ വേർപെട്ടത്.തകരാർ പരിഹരിച്ച് യാത്ര തുടർന്നെങ്കിലും പരവൂർ സ്റ്റേഷൻ എത്തുന്നതിനു തൊട്ടുമുമ്പ് 4.45ന് വീണ്ടും എൻജിനുമായുള്ള ബന്ധം നഷ്ടമായി. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. ലോക്കോ പൈലറ്റും റെയിൽവേ ജീവനക്കാരും ചേർന്ന് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തകരാർ പരിഹരിച്ചത്.
പരവൂരിൽ നിന്ന് യാത്ര തുടർന്ന ട്രെയിൻ മയ്യനാടിനും ഇരവിപുരത്തിനും മദ്ധ്യേ എത്തിയപ്പോൾ വീണ്ടും എൻജിൻ ബോഗിയിൽ നിന്ന് വേർപെട്ടു. ഇതോടെ യാത്രക്കാർ പ്രകോപിതരായി ബഹളം വച്ചു. ഈ സമയം മുഴുവൻ തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് പോകേണ്ട മുഴുവൻ ട്രെയിനുകളും വൈകി. ട്രെയിൻ കൊല്ലത്തെത്തിച്ച ശേഷമാണ് മറ്റു ട്രെയിനുകൾ ഓരോന്നായി കടത്തിവിട്ടത്. എൻജിനോട് ചേർന്നുള്ള ജനറേറ്റർ വാൻ എൻജിനുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ തകരാറാണ് എൻജിൻ വേർപെട്ടു പോകാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. തകരാർ പരിഹരിച്ച് രാത്രി 10 മണിയോടെയാണ് ട്രെയിൻ യാത്ര തുടർന്നത്.