പാലക്കാട്: കേരള വനിതാ കമ്മിഷനെ പിരിച്ച് വിടണമെന്ന് രമ്യ ഹരിദാസ് എം.പി. സോഷ്യൽ മീഡിയയിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് രമ്യയുടെ പ്രതികരണം.
നേരത്തെ തനിക്കെതിരെ എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ പ്രസ്താവന നടത്തിയപ്പോഴും, ഷാനിമോൾ ഉസ്മാനെതിരായ ജി സുധാകരന്റെ പരാമർശത്തിലും വനിതാ കമ്മിഷൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രമ്യയുടെ വിമർശനം. വനിതാ കമ്മിഷൻ എൽ.ഡി.എഫിന്റെ ഭാഗമാണെന്നും എം.പി ആരോപിച്ചു.
മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർഥിയും മുസ്ലീംലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി ഫിറോസ് വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവർത്തകയായ പെൺകുട്ടി വിമർശിച്ചത് .ഇതിന്റെ പേരിലാണ് പെൺകുട്ടിക്കെതിരെ ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് പേര് എടുത്തുപറയാതെ കുടുംബത്തിലൊതുങ്ങാത്ത, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ എന്നിങ്ങനെയാണ് വിമർശിച്ചത്.
ഫിറോസിന്റെ ഈ പരാമർശം ഒരു പെൺകുട്ടിയെ എന്ന വ്യാജേന കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫെയ്ൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.