ശ്രീനഗർ: ഭീകരപ്രവർത്തനങ്ങൾക്കായി കാശ്മീരിൽ നിന്ന് പോയ അൻപതോളം യുവാക്കളെ തിരികെ എത്തിച്ചതായി സൈന്യം അറിയിച്ചു. കാശ്മീരിലെ സമാധാനം വീണ്ടെടുക്കുന്നതിനായി സൈന്യം നടത്തിയ 'അമ്മ' പദ്ധതിയിലൂടെയാണ് ഇവരെ തിരിച്ചെത്തിച്ചതെന്ന് ചിനാർ കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ കൻവൽ ജീത് സിംഗ് ധില്ലൻ പറഞ്ഞു. കാശ്മീരിൽ നിന്നും കാണാതായ യുവാക്കളുടെ കുടുംബങ്ങളിൽ ചെന്ന് കാര്യം ധരിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കിയതെന്ന് കൻവൽ ജീത് സിംഗ് പറഞ്ഞു.
"നല്ലത് ചെയ്ത് നിങ്ങളുടെ അമ്മയെ സേവിക്കുക, പിന്നെ നിങ്ങളുടെ അമ്മയും പിന്നെ അച്ഛനും. വിശുദ്ധ ഖുർആനിലെ അമ്മയുടെ പ്രാധാന്യം വിവരിക്കുന്ന വാക്കുകളാണ്, വഴിതെറ്റിയ യുവാക്കളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള വഴി കാണിച്ചു തന്നത് ഖുർആനിലെ ഈ വാക്കുകളാണെന്ന് കൻവൽ ജീത് സിംഗ് പറഞ്ഞു.
കാശ്മീരിൽ നിന്ന് കാണാതായ യുവാക്കളെ കണ്ടെത്താനാണ് സേന ഈ രീതി തിരഞ്ഞെടുത്തത്. കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭീകരസംഘടനയിൽ ചേരുന്ന യുവാക്കളിൽ ഏഴുപത് ശതമാനം പേരും ആദ്യ ആഴ്ചതന്നെ കൊല്ലപ്പെടും. കൂടാതെ ഒരു മാസത്തിനുള്ളിൽ 9 ശതമാനം, മൂന്ന് മാസത്തിനുള്ളിൽ 17 ശതമാനം, 6 മാസത്തിനുള്ളിൽ 36 ശതമാനം പേരും കൊല്ലപ്പെടുന്നുണ്ട്, ഒരു വർഷത്തിൽ 64 ശതമാനം പേരാണ് മരിക്കുന്നത്. ഇക്കാര്യം മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ട്, മക്കളോടു മടങ്ങിയെത്താൻ ആവശ്യപ്പെടാൻ അമ്മമാരോടു പറഞ്ഞു. ഇതിന്റെ ഫലം മികച്ചതായിരുന്നെന്നും കൻവൽ ജീത് സിംഗ് പറഞ്ഞു.
കാണാതായ യുവാക്കൾക്ക് മാതാപിതാക്കൾ അയച്ച സന്ദേശവും കൻവൽ ജീത് സിംഗ് മാദ്ധ്യമപ്രവർത്തകർക്ക് കാണിച്ചുകൊടുത്തു. ഇവർ കാശ്മീരിന്റെ അമൂല്യ സമ്മാനങ്ങളാണെന്നും സൈന്യത്തിന്റെ മാനുഷിക പ്രവൃത്തികളോട് ബഹുമാനമുള്ളവരാണിവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, തിരിച്ചെത്തിയവരുടെ വിവരങ്ങൾ പുറത്തുവിടാൻ സൈന്യം തയ്യാറായിട്ടില്ല.