SignIn
Kerala Kaumudi Online
Saturday, 04 July 2020 10.35 AM IST

അന്ന് 6 കോടിയുടെ ബംപർ, ഇന്ന് നിധികുംഭം; രത്നാകരൻ പിള്ളയെ പിടിവിടാതെ ഭാഗ്യദേവത

treasure

കിളിമാനൂർ: ആറുകോടി രൂപയുടെ സംസ്ഥാന ക്രിസ്മസ് ബംമ്പർ ഭാഗ്യക്കുറി ജേതാവിന് രണ്ട് വർഷം കഴിഞ്ഞപ്പോൾ 'നിധിയുടെ' രൂപത്തിൽ വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. അടുത്തിടെ വാങ്ങിയ 20 സെന്റ് പുരയിടം കിളയ്ക്കുന്നതിനിടെ 2600 (എണ്ണം) പുരാതന ചെമ്പുനാണയങ്ങളടങ്ങിയ കുടമാണ്‌ രത്നാകരൻ പിള്ളയ്ക്ക് ലഭിച്ചത്.

ഇന്നലെ രാവിലെയാണ് കീഴ്പേരൂർ പടിഞ്ഞാറ്റിൻകര തിരുവാൾക്കട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്നുള്ള പുരയിടം കിളയ്ക്കുന്നതിനിടയിൽ വലിയ മൺകുടത്തിൽ മൂടിയ നിലയിൽ നാണയങ്ങൾ ലഭിച്ചത്.

തൊഴിലാളികളുടെ മൺവെട്ടികൊണ്ട് കുടം പൂർണമായും തകർന്നിരുന്നു. രത്നാകരൻപിള്ള അറിയിച്ചതനുസരിച്ച് കിളിമാനൂർ പൊലീസിന്റെ നേതൃത്വത്തിൽ ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി നാണയങ്ങൾ ഏറ്റുവാങ്ങി. നാണയങ്ങളുടെ മൂല്യം കണക്കാക്കിയ ശേഷം ചെറിയൊരു വിഹിതം രത്നാകരൻപിള്ളയ്ക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.

നാട്ടിൽ സാമൂഹികസേവന രംഗത്ത് പണ്ട് മുതൽ സജീവമായിരുന്നു രത്നാകരൻപിള്ള.നഗരൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പേരൂർ വാർഡിൽ തുടർച്ചയായി രണ്ട് വട്ടം കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. കഴിഞ്ഞവട്ടം വനിതാ വാർഡായതിനാൽ മത്സരിച്ചില്ല. ഇതിനിടയിലാണ് 2018ലെ ക്രിസമസ് ബമ്പർ സമ്മാനമായ ആറ് കോടി രൂപ രത്നാകരനെ തേടിയെത്തിയത്. സമ്മാനത്തുക ബാങ്കിലിട്ട് സ്വന്തം കാര്യം നോക്കാതെ അതിലൊരു വിഹിതം വിനിയോഗിച്ച് ഭൂരഹിതരായ നിരവധി പേർക്ക് വസ്തുവും വീടും വച്ച് നൽകി. ഇപ്പോൾ നിധികുംഭം ലഭിച്ച വസ്തു ഒന്നരവർഷം മുൻപാണ് രത്നാകരൻപിള്ള വിലയ്ക്കുവാങ്ങിയത്. രാജകുടുംബവുമായി ബന്ധമുള്ള ഒരു വൈദ്യ കുടുംബമാണ്‌ പണ്ട് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. കിളിമാനൂർ കൊട്ടാരത്തിൽ നിന്ന്‌ നാല് കിലോമീറ്റർ അകലെയാണ് പുരയിടം. 23 വർഷമായി തടിമില്ല് നടത്തിവരികയാണ് പിള്ള.

ഭാര്യ ബേബിയും മക്കളായ ഷിബു, രാജേഷ്, രാജീവ്, രജി, രജീഷ് എന്നിവരുമടങ്ങിയതാണു കുടുംബം.

ചിത്തിരതിരുനാൾ ബാലരാമവർമയുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിവ. ബാലരാമവർമയുടെ ചുരുക്കപ്പേരായ ബി.ആർ.വി എന്നെഴുതിയ നാല് കാശ്,​ എട്ട് കാശ്,​ ചക്രം എന്ന പാറ്റേണിലുള്ളതാണ് ഭൂരിഭാഗം നാണയങ്ങളും. 20 കിലോയോളം തൂക്കം വരുന്ന ഇവയുടെ വിശദമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അന്നത്തെ കാലഘട്ടത്തിൽ സാധാരണക്കാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഈ ചെമ്പ് നാണയങ്ങൾ 1950 വരെ ഉപയോഗിക്കപ്പെട്ടിരുന്നു. നാണയങ്ങൾ മുഴുവൻ ക്ലാവ് പിടിച്ചതിനാൽ കെമിക്കൽ ക്ലീനിംഗ് നടത്തിയശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

തിരുപാൽക്കടൽ ക്ഷേത്രത്തിന്റെ പുറകുവശത്തായാണ് നാണയശേഖരം കണ്ടെത്തിയത്. മുൻപ് ക്ഷേത്ര ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലമായിരുന്നു ഇതെന്നും നിധി ശേഖരം അമ്പലവുമായി ബന്ധപ്പെട്ടതാകാമെന്നുമാണ് നിഗമനം. നാണയങ്ങൾ പുരാവസ്തു വകുപ്പിന്റെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.

-ആർട്ടിസ്റ്റ് സൂപ്രണ്ട് രാകേഷ് കുമാർ ആർക്കിയോളജി

വളരെ സന്തോഷം,​ജീവിതത്തിൽ ഇതിലും വലിയ മഹാഭാഗ്യം വരാനില്ല. പാവങ്ങളെ സഹായച്ചതിനുള്ള അംഗീകാരമായിട്ടാണ് കാണുന്നത്.

-രത്നാകരൻ പിള്ള

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SPECIAL, RATNAKARAN PILLAI, TREASURE FROM LAND
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.