കൊച്ചി: നടൻ ഷെയ്ൻ നിഗമിനെ സിനിമകളിൽ സഹകരിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ നിർമ്മാതാക്കളുമായുള്ള ചർച്ചയിൽ നിന്ന് താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും പിൻമാറി.. തിരുവനന്തപുരത്ത് ഷെയ്ൻ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളെത്തുടർന്നാണ് തീരുമാനമെന്നാണ് സൂചന. സംഘടനകൾ തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ സർക്കാരിനെകൂടി ഉൾപ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതും പിൻമാറ്റത്തിനു കാരണമായി..
ഷെയ്ൻ നിഗവും നിര്‍മാതാക്കളുമായുളള പ്രശ്നം പരിഹരിക്കുന്നതിനായി താരസംഘടനയായ 'അമ്മ' മുന്നിട്ടിറങ്ങുകയും സെക്രട്ടറിയായ നടൻ സിദ്ദിഖിന്റെ വീട്ടിൽവച്ച് കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. എന്നാൽ . പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഷെയ്ൻ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനകളും പ്രകോപനപരമായ നീക്കങ്ങളും കാരണം ഇനിയൊരു ചർച്ചയ്ക്കില്ലെന്ന് സംഘടനകൾ അറിയിച്ചിരിക്കുകയാണ്. നിർമാതാക്കളുടെ സംഘടനയും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയ ഷെയ്ൻ നിഗം മാദ്ധ്യമങ്ങളോട് നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണെന്നാണ് നിർമാതാക്കള്‍ പറയുന്നത്. തനിക്ക് റേഡിയോ പോലെ അങ്ങോട്ട് ഒന്നും പറയാനാവാതെ കേട്ടുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും താൻ പറയുന്നത് കേൾക്കാൻ അവർ തയ്യാറാവുന്നില്ലെന്നും ചർച്ചകളോട് സഹകരിക്കുന്നില്ല എന്ന രീതിയിലും ഷെയ്ൻ സംസാരിച്ചു. ചിത്രത്തിന്റെ കരാർ അടക്കമുള്ള രേഖകൾ മന്ത്രി എ കെ..ബാലനു കൈമാറുകയും തന്റെ ഭാഗം വിശദമാക്കുകയും ചെയ്തു. അമ്മയും ഫെഫ്കയും നിർമാതാക്കളുടെ സംഘടനയുമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനിടയിൽ സർക്കാരിനെ കൂടെ ഉൾപ്പെടുത്തി ഷെയ്ൻ നിഗം പ്രശ്നത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയി. അതിനാലാണ് ഇനിയൊരു ചർച്ച വേണ്ടെന്ന് സംഘടനകൾ തീരുമാനിച്ചത്.