ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ യുവതിയെ പൂട്ടിയിട്ട് കൂട്ട മാനഭംഗത്തിനിരയാക്കുകയും കേസിൽ നിന്ന് പിൻമാറാത്തതിന് തീ കൊളുത്തി കൊല്ലുകയും ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. കേസിലെ മുഖ്യപ്രതി ശിവം ത്രിവേദി യുവതിയുമായി കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹ കരാർ ഒപ്പിട്ടെന്നും ആചാരങ്ങളോടെ ഇവരുടെ വിവാഹം നടന്നെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ പ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ശിവം ത്രിവേദിയും ബന്ധുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്.
‘ഹിന്ദു ആചാരങ്ങളോടെയും സ്വതന്ത്രമായും 2018 ജനുവരി 15ന് ഞങ്ങളുടെ വിവാഹം നടന്നതായി പ്രഖ്യാപിക്കുകയാണ്. ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി ഒരുമിച്ചു ജീവിക്കുന്നു. നിയമപരമായ തടസങ്ങൾ ഇല്ലാതിരിക്കാനാണ് ഇങ്ങനെയൊരു കരാറിൽ ഒപ്പിടുന്നത്’ - ശിവം ത്രിവേദി തയ്യാറാക്കിയ വിവാഹ കരാറിൽ ഇപ്രകാരമാണുള്ളത്.
കേസ് പിൻവലിക്കുന്നതിനായി യുവതിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കേസിൽ യുവതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ എസ്.എൻ. മൗര്യ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഗ്രാമത്തിനു പുറത്തുള്ള കോടതിയിലേക്കു പോകുംവഴിയാണ് ശിവം ത്രിവേദിയും മറ്റു നാലു പ്രതികളും ചേർന്ന് യുവതിക്കു നേരെ അക്രമം നടത്തിയത്. 90 ശതമാനം പൊള്ളലേറ്റ് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് മരണത്തിനു കീഴടങ്ങി.