തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് തലസ്ഥാന ജില്ലയിൽ ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുന്ന മണ്ഡലമാണ് കോവളം. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അപര്യാപ്തമാണെന്ന് കോവളം എം.എൽ.എ എം.വിൻസന്റ് പറയുന്നു. അദ്ദേഹം കേരള കൗമുദി ഓൺലൈനിനോട്..
1214 പേർ നിരീക്ഷണത്തിൽ
മണ്ഡലത്തിൽ 1214 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. നാലിടത്ത് കെയർ സെന്ററുകൾ തുറന്നിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികളും കൂലിപ്പണിക്കാരും നെയ്ത്തുകാരും ധാരാളമുള്ള മണ്ഡലമാണ് കോവളം. ആയിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ മണ്ഡലത്തിലുണ്ട്. ഇവർക്ക് ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇക്കാര്യം ഇന്ന് ലേബർ ഓഫീസറുടെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അടിയന്തര പരിഹാരം ഈ വിഷയത്തിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിദേശത്ത് പോയി വന്നവരെ കൂടാതെ അന്യ സംസ്ഥാനങ്ങളിലേക്ക് മീൻ പിടിക്കാൻ പോയവരും മണ്ഡലത്തിൽ നിരീക്ഷണത്തിലാണ്.
കമ്മ്യൂണിറ്റി കിച്ചൺ കാര്യക്ഷമമല്ല
മണ്ഡലത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളൊന്നും കാര്യക്ഷമമല്ല. ജനങ്ങളുടെ പ്രയാസം സർക്കാർ മനസിലാക്കുന്നുണ്ട്. എന്നാൽ അതിനനുസരിച്ചുള്ള പരിഹാരങ്ങൾ സർക്കാർ നടത്തുന്നില്ല. കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കൊന്നും ഇതുവരെ യാതൊരു ധനസഹായവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ ഫണ്ടാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്. എന്നാൽ അതെല്ലാം അപര്യാപ്തമാണ്. പഞ്ചായത്തുകൾ സ്പോൺസർമാരെ കണ്ടെത്തിയാണ് കമ്മ്യൂണിറ്റി കിച്ചണുകൾ നടത്തുന്നത്.പൊതുജനങ്ങളും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നൽകി സഹായിക്കുന്നുണ്ട്. എല്ലാ നേരവും ഭക്ഷണമുണ്ടാകുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഉച്ചയ്ക്ക് മാത്രമാണ് മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ ആഹാരം കൊടുക്കുന്നത്.
ജനങ്ങൾ ദുരിതത്തിൽ
മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലാണ്.ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്കൊക്കെ മാത്രമേ അവരുടെ കൈയ്യിലുള്ളൂ. പിന്നെ ആഹാരം വാങ്ങാനുള്ള പണമൊന്നുമില്ല.ഏപ്രിൽ ആദ്യവാരത്തിൽ റേഷൻ കൊടുത്തിട്ട് കാര്യമില്ല. ജനങ്ങൾ ഇപ്പോൾതന്നെ പട്ടിണിയിലാണ്. ഒരു നിവൃത്തിയുമില്ലാതെ ജനങ്ങൾ ഫോണിലേക്ക് തുരുതുരാ വിളിക്കുകയാണ്. വരുന്ന ആഴ്ച മണ്ഡലത്തിലെ അവസ്ഥ ഭീകരമായിരിക്കും.
ടൂറിസം മേഖല തകർന്നു
കൊറോണ വൈറസ് ഭീതിയിൽ വിനോദസഞ്ചാരികളില്ലാതെ കോവളം പട്ടിണിയിലാണ്. വിദേശികൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്. നിയന്ത്രണങ്ങളിൽപ്പെട്ട് നാട്ടിലേക്ക് പോകാൻ നിർവാഹമില്ലാതെ കോവളത്ത് തങ്ങുന്നവരുണ്ട്. ചരിത്രത്തിലാദ്യമായാണ് കോവളം ഇത്രയും വിജനമാകുന്നത്. സുനാമിയും ഓഖിയും നിപ്പയും മഹാപ്രളയവുംപോലും കോവളത്തെ ഇത്രയും വിറപ്പിച്ചിട്ടില്ല. ചൂടിനെപ്പോലും വകവയ്ക്കാതെ സഞ്ചാരികൾ തടിച്ചുകൂടുന്ന ഇടയ്ക്കൽ പാറയും വിജനമാണ്. ഏപ്രിൽ ആദ്യവാരത്തോടെ അവസാനിക്കാറുള്ള സീസണ് ഇക്കുറിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വഴിയോരക്കച്ചവടക്കാരുടെയും ഹോട്ടൽ ജീവനക്കാരുടെയും പ്രതീക്ഷകൾക്കും മങ്ങലേറ്റു. സീസൺ പ്രതീക്ഷിച്ച് ലക്ഷങ്ങൾ നൽകി ഹോട്ടലുകൾ പാട്ടത്തിനെടുത്തവരും കരകൗശല വസ്തുക്കളുടെ വിൽപ്പനക്കാർ ഉൾപ്പെടെയുള്ള നൂറുകണക്കിന് കച്ചവടക്കാരും നിരാശയിലാണ്.